ഇന്ന് രാവിലെ റദ്ദാക്കിയ കുവൈറ്റ്–കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വ്യാഴാഴ്ച പുലർച്ചെ പുറപ്പെടും

വിമാനം നാളെ പുലർച്ചെ 4.35ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

കുവൈറ്റില്‍ നിന്ന് ഇന്ന് രാവിലെ കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വ്യാഴാഴ്ച പുലർച്ചെ പുറപ്പെടും.സുരക്ഷാ കാരണങ്ങളാൽ ഇന്ന് സർവീസ് റദ്ദാക്കിയ കുവൈറ്റ്–കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് (IX 394) വിമാനത്തിന്റെ പുതുക്കിയ യാത്രാസമയം പ്രഖ്യാപിച്ചു. വിമാനം വ്യാഴാഴ്ച പുലർച്ചെ 4.35ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് യാത്രാസമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കുവൈറ്റിൽ അപ്രതീക്ഷിത വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായായിരുന്നു വിമാനം റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതോടെ പ്രതിസന്ധിയിലായ യാത്രക്കാരെ എയർലൈൻ അധികൃതർ താൽക്കാലികമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു.

ഇന്ന് പുലർച്ചെ ആറുമണിയോടെ കുവൈറ്റിനെ ലക്ഷ്യമിട്ട് ആകാശ ഭീഷണിയുണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇത് വിജയകരമായി തകർത്തതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ഈ അടിയന്തര സാഹചര്യത്തിലാണ് വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. വ്യോമാക്രമണ ശ്രമത്തെ തുടർന്ന് വ്യോമപാതയിൽ ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഇന്നത്തെ സർവീസ് റദ്ദാക്കിയിരുന്നത്.

Content Highlight: The Air India Express Kuwait–Kozhikode flight, which was cancelled this morning, will now depart early tomorrow, providing relief to affected passengers

To advertise here,contact us