കുവൈറ്റില്‍ മൂന്ന് മാസം മുമ്പ് കാണാതായ ഇന്ത്യക്കാരൻ്റെ മൃതദേഹം മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ ഒരാളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു

കുവൈറ്റില്‍ മൂന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം അല്‍-സാല്‍മി മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജോലിക്കിടെ ഉണ്ടായ അപകടമരണം മറച്ചുവെക്കാന്‍ മൃതദേഹം മരുഭൂമിയില്‍ രഹസ്യമായി കുഴിച്ചുമൂടിയെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണത്തിലൂടെ പുറത്തുവന്നത്.

സംഭവത്തില്‍ ഒരാളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. അതെസമയം മുഖ്യപ്രതി രാജ്യം വിട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. ഈ വര്‍ഷം മാര്‍ച്ച് 19-നാണ് ഇന്ത്യക്കാരനായപ പ്രവാസിയെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍, കാണാതായ ദിവസം ഹെവി ഉപകരണങ്ങളുടെ ഉടമയോടൊപ്പം അറ്റകുറ്റപ്പണികള്‍ക്കായി അല്‍-സാല്‍മി മരുഭൂമി മേഖലയിലേക്ക് ഇയാള്‍ പോയിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ട്രാഫിക് നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം, സാല്‍മി ഭാഗത്തേക്കുള്ള യാത്രയില്‍ ഇരയും പ്രതിയും ഒരുമിച്ചായിരുന്നെന്നും മടങ്ങിവരുമ്പോള്‍ വാഹനത്തില്‍ പ്രതി മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്ഥിരീകരിച്ചു. ഇതോടെയാണ് അന്വേഷണം പ്രതികളിലേക്ക് കേന്ദ്രീകരിച്ചത്. ഇതിനിടെ രാജ്യം വിട്ട പ്രധാന പ്രതിയുടെ കുവൈത്തിലുള്ള മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.

ജോലിസ്ഥലത്ത് ക്രെയിന്‍ തകര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചതായും, സംഭവം മറച്ചുവെക്കാനും നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുമായി താനും പിതാവും ചേര്‍ന്ന് മൃതദേഹം അല്‍-സാല്‍മി മരുഭൂമിയിലെത്തിച്ച് കുഴിച്ചുമൂടിയതായും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനക്ക് പിന്നാലെ മൃതദേഹം പുറത്തെടുത്തു.അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. രാജ്യം വിട്ട മുഖ്യപ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlight: The body of an Indian national who went missing in Kuwait three months ago has been found buried in a desert area

To advertise here,contact us