പശ്ചിമേഷ്യാ മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച പാസഞ്ചർ ടെർമിനലിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇറാൻ വികസിപ്പിച്ച മാരകമായ ഷാഹെദ്-136 കാമികാസെ ഡ്രോണാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയായ ടെർമിനൽ ഒന്നിലേക്ക് അതിവേഗത്തിൽ താഴ്ന്നുപറന്നുവന്ന ഡ്രോൺ ശക്തമായി ഇടിച്ചുകയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കിഴക്ക് ദിശയിൽ നിന്നെത്തിയ ആളില്ലാ വിമാനം ടെർമിനൽ കെട്ടിടത്തിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു. സ്ഫോടനത്തിൽ വിമാനത്താവളത്തിന്റെ ഈ ഭാഗത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചല്ല ആക്രമണം നടത്തിയതെന്ന ഇറാന്റെ ഔദ്യോഗിക വാദങ്ങളുടെ കൃത്യതയെ പൂർണ്ണമായും ചോദ്യം ചെയ്യുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ.
പശ്ചിമേഷ്യാ മേഖലയിലെ സുരക്ഷാ സാഹചര്യം കടുത്ത ആശങ്കയിലാഴ്ത്തുന്നതാണ് കുവൈറ്റിലുണ്ടായ ഈ ആക്രമണം. വലിയ തോതിൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആസൂത്രിത നീക്കത്തെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതികരണങ്ങളാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾ പൂർത്തിയാകുന്നതോടെ ആക്രമണത്തിന് പിന്നിലെ കൃത്യമായ ഉറവിടം പുറത്തുവിടുമെന്നാണ് സൂചന.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നിഷേധിച്ചു. തങ്ങൾ വിമാനത്താവളം ലക്ഷ്യമിട്ടിട്ടില്ലെന്നും യുഎസ് നിർമ്മിത പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലിന്റെ തകരാർ മൂലം അത് ടെർമിനലിൽ പതിച്ചതാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്നുമാണ് ഇറാന്റെ വാദം. എന്നാൽ ഡ്രോണിന്റെ സഞ്ചാരപഥം പാട്രിയറ്റ് മിസൈലുമായി പൊരുത്തപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: After the recent attack at Kuwait Airport, CCTV footage has emerged revealing the use of a drone equipped with high explosive potential. Security officials are analyzing the visuals to determine the extent of damage and to strengthen airport safety protocols.