കുവൈറ്റ് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; നാശനഷ്ടങ്ങൾ വിലയിരുത്തി കുവൈറ്റ് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വിമാനത്താവളം സന്ദർശിച്ച് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്. ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ തയ്യാറാക്കിയ വിലയിരുത്തലുകളും പ്രദേശം സുരക്ഷിതമാക്കാനും വ്യോമയാന സർവീസുകൾ സാധാരണ നിലയിലാക്കാനുമുള്ള നിലവിലെ ശ്രമങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു.

നാശനഷ്ടം സംഭവിച്ച ടെർമിനൽ ഒന്നിലെ ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഷെയ്ഖ് അഹമ്മദ് ഊന്നിപ്പറഞ്ഞു. ടെർമിനലിന്റെ പ്രവർത്തന സജ്ജത എത്രയും വേഗം വീണ്ടെടുക്കുന്നതിനായി ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

രാജ്യത്തിന് നേരെ ഇറാൻ്റെ ആക്രമണമുണ്ടായ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ സമഗ്രമായ അടിയന്തര പ്രതികരണ സംവിധാനം സജ്ജമാക്കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി പരിക്കേറ്റ 63 പേർക്ക് ചികിത്സ നൽകിയതായും ഏഴ് അടിയന്തര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെടുകയും ചെയ്തു.

Content Highlights: Kuwait's Prime Minister inspected Kuwait Airport after an Iranian attack reportedly caused damage to airport facilities. Officials are assessing the extent of the destruction and monitoring the security situation as tensions in the region continue to escalate.

To advertise here,contact us