കുവൈറ്റിൽ വ്യാപക ​ഗതാ​ഗത പരിശോധന; ഒരാഴ്ചയ്ക്കുള്ളിൽ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ

കഴിഞ്ഞ ഒരാഴ്ചയിൽ നടത്തിയ പരിശോധനയിൽ 15,373 നിയമലംഘനങ്ങൾ കണ്ടെത്തി

രാജ്യത്തെ റോഡുകളിൽ സുരക്ഷയും ഗതാഗത അച്ചടക്കവും കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്ന പ്രത്യേക പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുള്ള അൽ അതീഖിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു രാജ്യവ്യാപകമായി ഈ കടുത്ത സുരക്ഷാ പരിശോധനകൾ നടത്തിയത്.

കഴിഞ്ഞ ഒരാഴ്ചയിൽ നടത്തിയ പരിശോധനയിൽ 15,373 നിയമലംഘനങ്ങൾ കണ്ടെത്തി. 12 പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ പരിശോധനയിൽ പിടിയിലായി. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. റോഡുകളിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 33 പേരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് 185 കാറുകളും 18 മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്ത് പ്രത്യേക ഗാരേജിലേക്ക് മാറ്റി.

രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും ട്രാഫിക് മൂവ്‌മെന്റ് വിഭാഗങ്ങൾ, ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സംയുക്ത പട്രോളിംഗാണ് ഈ വൻ സുരക്ഷാ ദൗത്യം വിജയകരമാക്കിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവയർനസ് വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു. റോഡുകളിലെ നിയമലംഘനങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും ഇത്തരം കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Kuwait intensified traffic inspections across multiple regions and identified a large number of traffic and legal violations during a week-long enforcement campaign.

To advertise here,contact us