കുവൈത്തില് സ്കൂള് കാന്റീനുകള്ക്ക് പുതിയ മാര്ഗനിര്ദ്ദേശങ്ങളുമായി പബ്ലിക് അതോറിറ്റി ഫോര് ഫുഡ് ആന്ഡ് ന്യൂട്രീഷന് അതോറിറ്റി. വേനല് അവധിക്ക് ശേഷം രാജ്യത്തെ വിദ്യാലയങ്ങള് വീണ്ടും തുറക്കുന്ന സാഹചര്യത്തിലാണ് നടപടി. കുട്ടികള്ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്കൂള് കാന്റീനുകള്ക്ക് പുതിയ മാര്ഗ നിര്ദേശങ്ങള് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളിലെ അമിതവണ്ണം തടയുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് അനുസരിച്ച്, സ്കൂള് കാന്റീനുകളുടെ പ്രവര്ത്തനക്ഷമത വര്ദ്ധിപ്പിക്കുകയും ആരോഗ്യപരവും പോഷകപരവുമായ ആവശ്യകതകള് ഉറപ്പാക്കുകയും വേണം. 2025-ലെ അഞ്ചാം നമ്പര് മന്ത്രിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്ദേശമെന്ന് പബ്ലിക് അതോറിറ്റി ഫോര് ഫുഡ് ആന്ഡ് ന്യൂട്രീഷന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണ് ഇതെന്നും അതോറിറ്റി അറിയിച്ചു. ഭാവി തലമുറയ്ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ സ്കൂള് അന്തരീക്ഷം ഒരുക്കുന്നതിനുള്ള സര്ക്കാരിന്റെ പ്രതിബദ്ധതയെയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അധികൃതര് അറിയിച്ചു.
മധ്യവേനൽ അവധിക്ക് ശേഷം സ്കൂളുകള് തുറക്കാനിരിക്കെ നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില് രാജ്യത്ത് നടക്കുന്നത്. സ്കൂള് വിപണിയില് തിരക്ക് വര്ദ്ധിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ വ്യവസായ മന്ത്രാലത്തിന്റെ നേതൃത്വത്തില് പരിശോധന നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ വര്ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് അവരെ വ്യാപാരികള് ചൂഷണം ചെയ്യാനുളള സാധ്യത മുന്നില് കണ്ടാണ് പരിശോധന.
അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മമന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വിദ്യാര്ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് സേനയും വിവിധ സുരക്ഷാ പദ്ധതികള് ആവിഷ്ക്കരിച്ചിട്ടുണ്ട്.
Content Highlights: New Regulations For Kuwait School Cafeterias Promote Healthy Eating Habits