ഗൾഫിൽ ആശങ്ക ഉയർത്തി ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് ബഹ്‌റൈനും കുവൈറ്റും

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബഹ്‌റൈനിലെ സൈനിക താവളങ്ങളെയും അമേരിക്കൻ റഡാർ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണങ്ങൾക്ക് ശ്രമിച്ചിരുന്നു.

ഗൾഫ് മേഖലയിൽ ആശങ്ക ഉയർത്തി ബഹ്‌റൈനും കുവൈറ്റിനും നേരെ ഇറാൻ ആക്രമണ ശ്രമങ്ങൾ നടത്തി. ബഹ്‌റൈന് നേരെ തുടർച്ചയായ മൂന്നാം ദിവസമാണ് ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായത്. നിരവധി ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമമുണ്ടായെങ്കിലും ബഹ്റൈൻ പ്രതിരോധ സംവിധാനങ്ങൾ ഇവയെല്ലാം വിജയകരമായി തകർത്തു. തുടർച്ചയായ ദിവസങ്ങളിൽ ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണ ശ്രമങ്ങൾ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബഹ്‌റൈനിലെ സൈനിക താവളങ്ങളെയും അമേരിക്കൻ റഡാർ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണങ്ങൾക്ക് ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച ഷെയ്ഖ് ഈസ വ്യോമതാവളത്തിന് നേരെയും അതിനുമുമ്പ് ഞായറാഴ്ച റിഫയിലെ വ്യോമതാവളത്തിന് നേരെയും ഇറാൻ ഡ്രോണുകൾ അയച്ചിരുന്നു. എന്നാൽ, ബഹ്‌റൈൻ പ്രതിരോധ സേനയും സഖ്യകക്ഷികളും ചേർന്ന് ഈ ഡ്രോണുകളെല്ലാം ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി.

ഇതിനുപിന്നാലെയാണ് കുവൈറ്റിന് നേരെയും ഇറാൻ ഡ്രോൺ ആക്രമണത്തിന് മുതിർന്നത്. കുവൈറ്റ് വ്യോമാതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച ശത്രു ഡ്രോണുകളെ രാജ്യത്തിന്റെ പ്രതിരോധ സേന ശക്തമായി നേരിടുകയാണ്. ആകാശത്ത് കേൾക്കുന്ന വലിയ സ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ ആക്രമണ ശ്രമങ്ങളെ സൈന്യം പ്രതിരോധിച്ച് തകർക്കുന്നതിന്റേതാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി.

തുടർച്ചയായ ആക്രമണ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലും കുവൈറ്റിലും സുരക്ഷാ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ഇരുരാജ്യങ്ങളിലെയും ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlights: Bahrain intercepts Iranian drone strikes while Kuwait activates air defences against hostile drones amid rising tensions across the Gulf region.

To advertise here,contact us