ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രിമാർ

ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തി ഇന്ത്യയും യുഎഇയും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎഇ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്​ദുള്ള ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ മുംബെെയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ചർച്ചകൾ നടന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

സാമ്പത്തികം, വ്യാപാരം,നിക്ഷേപം, ധനകാര്യം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന സുസ്ഥിര സാമ്പത്തിക വളർച്ചയും സമൃദ്ധിയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഇരുവരും പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പരസ്പ വിശ്വാസത്തിലും പൊതുവായ കാഴ്ചപ്പാടിലും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ മാതൃകയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രി പറഞ്ഞു.

സമ​ഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെയും കെെവരിച്ച നേട്ടങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും യുഎഇ വലിയ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലത്തെ സൗഹൃദവും സഹകരണവുമാണ് ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: India and UAE foreign ministers S. Jaishankar and Sheikh Abdullah bin Zayed Al Nahyan met in Mumbai to strengthen bilateral ties and expand cooperation in trade, investment, energy, technology and education.

To advertise here,contact us