ഒമാനിലെ മൂന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഡ്യൂട്ടി ഫ്രീ വിപണികൾ; യുഎഇ, സൗദി യാത്രക്കാർക്ക് നേട്ടം

രാജ്യത്തിന്റെ കര അതിർത്തികളിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ ഷോപ്പിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം

അതിർത്തി വ്യാപാരം ശക്തിപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും ടൂറിസം, ലോജിസ്റ്റിക്‌സ് മേഖലകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും മൂന്ന് പ്രധാന കര അതിർത്തികളിൽ ഡ്യൂട്ടി ഫ്രീ വിപണികൾ സ്ഥാപിക്കാൻ ഒമാൻ ഒരുങ്ങുന്നു. മൂന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഡ്യൂട്ടി ഫ്രീ വിപണികൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്‌സിൻ അൽ ഷുറൈഖി 2026ലെ 145-ാം നമ്പർ ഉത്തരവ് പുറപ്പെടുവിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

യുഎഇയുമായി ബന്ധിപ്പിക്കുന്ന അൽ വജാജ, ഖത്‌മത് മിലാഹ ക്രോസിങ്ങുകളിലും സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റുബ് അൽ ഖാലി ക്രോസിങ്ങിലുമാണ് പുതിയ വിപണികൾ സ്ഥാപിക്കുക. കസ്റ്റംസ് തീരുവകളിലും നികുതികളിലും ഇളവ് ലഭിക്കുന്നതിനാൽ യാത്രക്കാർക്ക് മത്സരാധിഷ്ഠിത വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് പുതിയ വിപണികളിലൂടെ ലഭിക്കുക. രാജ്യത്തിന്റെ കര അതിർത്തികളിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ ഷോപ്പിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. അതിർത്തി പ്രദേശങ്ങളിലെ വ്യാപാര പ്രവർത്തനങ്ങൾ വർധിപ്പിക്കുക, ചരക്കുനീക്കം സുഗമമാക്കുക, ഒമാന്റെ ലോജിസ്റ്റിക്‌സ്, ടൂറിസം മേഖലകളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ ഡ്യൂട്ടി ഫ്രീ വിപണികൾ കൂടുതൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുമെന്നും റീട്ടെയിൽ മേഖലയിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കും രാജ്യം വിട്ടുപോകുന്നവർക്കും അതിർത്തികളിലെ സേവനങ്ങൾ മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നുമാണ് വിലയിരുന്നതെന്നും അധികൃതർ പറഞ്ഞു. സമ്പത് വ്യവസ്ഥയെ വെെവിധ്യവത്കരിക്കാനും കര അതിർത്തികളുടെ വാണിജ്യ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുമുള്ള ഒമാന്റെ വിപുലമായ നീക്കങ്ങളുടെ ഭാ​ഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Oman plans to establish duty-free markets at three land border crossings connecting the country with the UAE and Saudi Arabia, offering travellers more shopping options.

To advertise here,contact us