യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ വർഷം ശമ്പള വർദ്ധനവ് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്. മേഖലയിലെ അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ മുൻപ് പ്രവചിച്ച ശമ്പള വളർച്ച ഇനിയുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, കമ്പനികൾ ശമ്പള വർദ്ധനവ് പൂർണ്ണമായി മരവിപ്പിച്ചിട്ടില്ലെന്നും മികച്ച പ്രകടനം നടത്തുന്നവർക്ക് ഇപ്പോഴും മിതമായ രീതിയിൽ പ്രതിഫലം നൽകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
എണ്ണ, സ്വർണ്ണം, വജ്ര വിപണികളിലെ അസ്ഥിരതയും ഐപിഒ രംഗത്തെ മന്ദതയും ബിസിനസ്സ് മേഖലയിലെ ആത്മവിശ്വാസത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. വിപണിയിലെ കടുത്ത സാമ്പത്തിക സാഹചര്യങ്ങളും ആവശ്യത്തിലധികം ഉദ്യോഗാർത്ഥികളുടെ സാന്നിധ്യവും കാരണം ഈ വർഷം ഗൾഫിൽ വലിയ ശമ്പള വളർച്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുൻനിര കൺസൾട്ടൻസിയായ 'കൂപ്പർ ഫിച്ച്' വ്യക്തമാക്കുന്നു. മുൻപ് പ്രവചിച്ച 2.5 മുതൽ മൂന്ന് ശതമാനം വരെയുള്ള വർദ്ധനവ് ഇനിയുണ്ടാകില്ല. പുതിയ പ്രതിഭകൾക്കായുള്ള ഡിമാൻഡ് കുറഞ്ഞതും കമ്പനികൾ യാത്രാ ബജറ്റുകളും മറ്റ് അധിക ചെലവുകളും കർശനമായി നിയന്ത്രിക്കുന്നതും കാരണം വലിയ ശമ്പളത്തിനായി ജീവനക്കാർ തുടർച്ചയായി ജോലി മാറുന്ന രീതിക്ക് ഇതോടെ ഏതാണ്ട് വിരാമമാകും.
അതേസമയം, ഇത് ശമ്പള വിപണിയിലെ പൂർണ്ണമായ സ്തംഭനാവസ്ഥയാണെന്ന വിലയിരുത്തലുകളോട് റിക്രൂട്ട്മെന്റ് സ്ഥാപനമായ 'അഡെക്കോ' യോജിക്കുന്നില്ല. മറിച്ച്, അച്ചടക്കമുള്ള ഒരു ശമ്പള ക്രമീകരണത്തിന്റെ കാലഘട്ടമാണിതെന്നാണ് അവരുടെ വിലയിരുത്തൽ. മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും അവരെ നിലനിർത്തുന്നതിനും ജിസിസിയിലെ കമ്പനികൾ ഇപ്പോഴും വലിയ മുൻഗണന നൽകുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് ഏറ്റവും നിർണ്ണായകമായ തസ്തികകളിൽ ഉള്ളവർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്കും സ്ഥാപനങ്ങൾ ഇപ്പോഴും കൃത്യമായി പ്രതിഫലം നൽകുന്നുമുണ്ട്.
പല കമ്പനികളും ശമ്പള വർദ്ധനവിന്റെ തോത് കുറച്ചിട്ടുണ്ടെങ്കിലും ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ശമ്പള ഘടന പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. പണപ്പെരുപ്പ പ്രതിസന്ധികൾ മറികടക്കാൻ ജീവനക്കാരെ സഹായിക്കുന്നതിനായി പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളിലും വേരിയബിൾ പേ സ്കീമുകളിലുമാണ് പല സ്ഥാപനങ്ങളും ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിച്ച് മികച്ച രീതിയിൽ മുന്നേറാൻ യുഎഇ സമ്പദ്വ്യവസ്ഥയ്ക്ക് സാധിക്കുമെന്നാണ് തൊഴിൽ മേഖലയിലെ വിദഗ്ധർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
Content Highlights: The West Asia crisis may have economic consequences for Gulf countries, with reports suggesting that salary increases could slow down due to uncertainty and market pressures.