പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി വീണ്ടും അതിശക്തമായ സൈനിക നീക്കങ്ങൾ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി, ഇന്ന് പുലർച്ചെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ്, ഇറാന്റെ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 140 തന്ത്രപ്രധാന ലക്ഷ്യങ്ങൾക്ക് നേരെ വൻ വ്യോമാക്രമണം നടത്തി. തൊട്ടുപിന്നാലെ 'അമേരിക്കൻ അധിനിവേശത്തിന് തക്കതായ മറുപടി' എന്ന് പ്രഖ്യാപിച്ച് ഇറാൻ ഗൾഫ് മേഖലയിലുടനീളം വൻ സൈനിക പ്രത്യാക്രമണം അഴിച്ചുവിട്ടു. സൗദി അറേബ്യ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിലും ജോർദാനിലും ഇറാന്റെ ആക്രമണമുണ്ടായി.
ഖത്തറിലെ പ്രധാന യുഎസ് താവളമായ അൽ ഉദൈദ് എയർബേസിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയം ഈ മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം വഴി വിജയകരമായി തകർത്തു. എന്നാൽ, മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ വീണ് ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശവും നൽകി.
യുഎഇയുടെ വ്യോമാതിർത്തിക്ക് നേരെ വന്ന ഇറാന്റെ മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. ഇന്ന് രാവിലെ യുഎഇയിലുടനീളം കേട്ട വലിയ സ്ഫോടന ശബ്ദങ്ങൾ ഈ പ്രതിരോധ നീക്കത്തിന്റെ ഭാഗമായി ഉണ്ടായതാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. 69 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇറാൻ യുഎഇയിൽ ആക്രമണം നടത്തിയത്.
കുവൈറ്റിലെ യുഎസ് താവളത്തിലുള്ള പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കുവൈറ്റ് സായുധ സേന തങ്ങളുടെ ആകാശത്ത് വെച്ച് ശത്രു ലക്ഷ്യങ്ങളെ തകർത്തതായി അറിയിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഒമാന്റെ തീരപ്രദേശങ്ങളിലും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. തുടർന്ന് ഒമാൻ ഭരണകൂടം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ഒമാനിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ജോർദാനിലെ പ്രിൻസ് ഹസൻ എയർബേസിലെ യുഎസ് ഡ്രോൺ ഹാങ്ങറുകളും കമാൻഡ് സെന്ററും ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. മൂന്ന് മിസൈലുകൾ ജോർദാനിൽ പതിച്ചതായും ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ആളപായമില്ലെന്നാണ് റിപ്പോർട്ട്.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ വൻ പ്രകോപനത്തെ തുടർന്ന് അമേരിക്ക ഇറാന്റെ തെക്കൻ തീരങ്ങളിലെ മിസൈൽ ലോഞ്ച് പാഡുകൾ ലക്ഷ്യമാക്കി മൂന്നാം ഘട്ട വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ ആഗോള എണ്ണ-വാതക വിപണിയും കടുത്ത ആശങ്കയിലാണ്.
Content Highlights: Tensions have escalated in West Asia after Iran targeted US military facilities in the Gulf region. Several countries took defensive measures amid growing concerns over a wider regional conflict.