അന്താരാഷ്ട്ര യാത്രക്കാർക്കായി ആകർഷകമായ ഓഫറുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ 'എക്സ്പ്ലോർ മോർ സെയിൽ' ആരംഭിച്ചു. രാജ്യാന്തര റൂട്ടുകളിലെ ടിക്കറ്റ് നിരക്കിൽ 15 ശതമാനം വരെ കിഴിവാണ് ഈ ഓഫറിലൂടെ യാത്രക്കാർക്ക് ലഭിക്കുന്നത്. 2026 ജൂലൈ അഞ്ച് മുതൽ 2027 മാർച്ച് 27 വരെയുള്ള കാലയളവിലെ യാത്രകൾക്കാണ് ഈ കിഴിവ് ലഭിക്കുക. ഇതിനായി ജൂലൈ ഒമ്പത് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ അഞ്ച് മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയും ജൂലൈ ആറ് മുതൽ മറ്റ് ബുക്കിങ് ചാനലുകൾ വഴിയും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ പ്രത്യേക ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.
ഈ ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ നൽകേണ്ടതില്ല എന്ന വലിയൊരു പ്രത്യേകതയുമുണ്ട്. ഇതിനുപുറമെ, ബുക്ക് ചെയ്ത യാത്രാ തീയതി മാറ്റണമെന്നുണ്ടെങ്കിൽ ഒരു തവണ യാതൊരു അധിക നിരക്കും കൂടാതെ സൗജന്യമായി അതിനുള്ള അവസരവും എയർലൈൻ നൽകുന്നുണ്ട്. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്കൗണ്ടും ഒപ്പം എട്ട് ശതമാനം വരെ ന്യൂകോയിനുകളും സ്വന്തമാക്കാൻ സാധിക്കും.
ഇന്ത്യയിലെ 43 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ആഭ്യന്തര സർവീസുകൾക്ക് പുറമെ, വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായി ആഴ്ചയിൽ 820 അന്താരാഷ്ട്ര സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സർവീസുകളുള്ളത്. അടുത്തിടെ നവി മുംബൈ-അബുദാബി, ഗുവാഹത്തി-അബുദാബി, ഗുവാഹത്തി-ദുബായ് എന്നീ പുതിയ റൂട്ടുകളിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു.
Content Highlights: Air India Express has announced a special promotional offer with discounted fares on international flights, giving expatriate travelers an opportunity to save on ticket bookings.