പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിമാന യാത്രാരംഗത്ത് കനത്ത തിരിച്ചടി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ അഥവാ അയാട്ട (IATA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തിൽ ആഗോള വിമാന യാത്രക്കാരുടെ എണ്ണത്തിൽ 3.4 ശതമാനം കുറവ് രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖലയിലുണ്ടായ വൻ ഇടിവാണ് ആഗോളതലത്തിലും നിഴലിച്ചത്.
മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ ആഗോള വിമാന സർവീസുകളെ ഉലയ്ക്കുകയാണ്. ഏപ്രിൽ മാസത്തിൽ മിഡിൽ ഈസ്റ്റ് എയർലൈനുകളിലെ യാത്രക്കാരുടെ ആവശ്യകതയിൽ 46.6 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ തന്നെ ഏറ്റവും മോശം പ്രകടനമാണിത്. മിഡിൽ ഈസ്റ്റ് മേഖലയെ ഒഴിവാക്കി നിർത്തിയാൽ ആഗോള ഡിമാൻഡിൽ 1.2 ശതമാനം വളർച്ച ഉണ്ടാകുമായിരുന്നുവെന്ന് അയാട്ട വ്യക്തമാക്കി. ലാറ്റിൻ അമേരിക്ക, ഏഷ്യ-പസഫിക്, യൂറോപ്പ് തുടങ്ങിയ മേഖലകൾ വളർച്ച രേഖപ്പെടുത്തിയപ്പോഴാണ് മിഡിൽ ഈസ്റ്റിലെ തകർച്ച ആഗോള സൂചികയെ നെഗറ്റീവിലേക്ക് എത്തിച്ചത്.
സംഘർഷങ്ങളെ തുടർന്ന് പല രാജ്യങ്ങളും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ കാരണം നിരവധി സർവീസുകൾ റദ്ദാക്കേണ്ടി വരികയും പല വിമാനങ്ങളും റൂട്ട് മാറ്റി സർവീസ് നടത്താൻ നിർബന്ധിതരാകുകയും ചെയ്തു. ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രമുഖ വ്യോമയാന ഹബ്ബുകൾ വഴി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ എയർലൈനുകളുടെ തളർച്ച ലോകത്തെമ്പാടുമുള്ള ദീർഘദൂര യാത്രകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
യാത്രക്കാരുടെ കുറവിനൊപ്പം കുതിച്ചുയരുന്ന വിമാന ഇന്ധന വിലയും വിമാനക്കമ്പനികൾക്ക് ഇരട്ട പ്രഹരമാണ്. മാർച്ചിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജെറ്റ് ഇന്ധന കയറ്റുമതിയിൽ 79 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ജെറ്റ് ഇന്ധന വില ഏപ്രിൽ മാസത്തിൽ ഇരട്ടിയിലധികമായി വർദ്ധിച്ചു. ഇത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുകയും വിമാന നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഉയരാൻ കാരണമാകുകയും ചെയ്തു. വരും മാസങ്ങളിൽ നിരക്കുകൾ വർദ്ധിപ്പിച്ചും സർവീസുകൾ വെട്ടിച്ചുരുക്കിയും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് എയർലൈനുകൾ.
Content Highlights: The ongoing West Asia conflict has negatively impacted global aviation, leading to a noticeable drop in passenger traffic. Airlines are facing reduced demand and operational uncertainty across several international routes.