പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്ക് വൻ തിരിച്ചടി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം കാരണം മുംബൈ വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. വിമാന നിരക്കുകൾ കുത്തനെ ഉയർന്നതും ഗൾഫ് സർവീസുകൾ ഉൾപ്പെടെ വ്യാപകമായി റദ്ദാക്കപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണം.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. യുദ്ധം കാരണം അന്താരാഷ്ട്ര റൂട്ടുകളിൽ വിമാന നിരക്കുകൾ കുത്തനെ ഉയരുകയും സർവീസുകളിൽ വലിയ തടസ്സങ്ങൾ നേരിടുകയും ചെയ്തു. ഇതേത്തുടർന്ന് 2026 മാർച്ചിൽ മുംബൈ വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 9.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാർച്ചിൽ 1.15 ദശലക്ഷം യാത്രക്കാർ മാത്രമാണ് ഈ സെക്ടറിൽ യാത്ര ചെയ്തതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര സർവീസുകളെ മാത്രമല്ല, ആഭ്യന്തര വ്യോമ ഗതാഗതത്തെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. 2026 മാർച്ചിൽ മുംബൈ വിമാനത്താവളം ആകെ കൈകാര്യം ചെയ്തത് 4.34 ദശലക്ഷം യാത്രക്കാരെയാണ്. 2025 മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 6.2 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4.8 ശതമാനം ഇടിഞ്ഞ് 3.19 ദശലക്ഷമായി ചുരുങ്ങിയെന്നുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ.
സംഘർഷം മൂലം ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കി. 2026 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാത്രം മുംബൈയിൽ നിന്ന് ഗൾഫിലേക്കുള്ള 1,035 വിമാന സർവീസുകളാണ് റദ്ദാക്കിയത്. മാർച്ചിലെ മൊത്തം അന്താരാഷ്ട്ര വിമാന സർവീസുകളിൽ 16.9 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും, 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ മൊത്തം കണക്കെടുത്താൽ മുംബൈയിലെ വാർഷിക അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 4.6 ശതമാനം ഉയർന്ന് 16.3 ദശലക്ഷത്തിൽ എത്തിയിട്ടുണ്ട്.
Content Highlights: Several Gulf flight services have been cancelled due to rising tensions in West Asia, affecting passengers and airline schedules. The developments have also negatively impacted the Indian aviation industry, which relies heavily on Gulf connectivity and transit operations.