മനസും മിഴിയും നിറച്ച് വിഷു; ആഘോഷപൂര്‍വം വരവേറ്റ് ഗള്‍ഫ് മലയാളികള്‍

സംഘര്‍ഷങ്ങളുടെ കാര്‍മേഘങ്ങള്‍ മാഞ്ഞ് പ്രതീക്ഷയുടെ വിഷുപുലരി പിറന്നപ്പോള്‍ അതിന്റെ ആവേശം ഓരോ പ്രവാസി കുടുംബങ്ങളിലും കാണാമായിരുന്നു

വിഷുവിനെ ആഘോഷപൂര്‍വം വരവേറ്റ് ഗള്‍ഫ് മലയാളികള്‍. വിഷുകണിയും കൈനീട്ടവുമൊക്കെയായി രാവിലെ മുതല്‍ സജീവമായിരുന്നു ഓരോ പ്രവാസി കുടുംബവും. തൂശനിയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

സംഘര്‍ഷങ്ങളുടെ കാര്‍മേഘങ്ങള്‍ മാഞ്ഞ് പ്രതീക്ഷയുടെ വിഷുപ്പുലരി പിറന്നപ്പോള്‍ അതിന്റെ ആവേശം ഓരോ പ്രവാസി കുടുംബങ്ങളിലും കാണാമായിരുന്നു. കണിവെള്ളരിയും കൊന്നപ്പൂവുമെല്ലാം മിഴിയിലും മനസ്സിലും നിറച്ച് എല്ലാവരും കുടുംബസമ്മേതം കണികണ്ടു. ജീവിക്കുന്നത് വിദേശത്താണെങ്കിലും മലയാള തനിമയോടെയായിരുന്നു മിക്ക അപ്പാര്‍ട്ട്മെന്റുകളിലും കണിയൊരുക്കിയത്.

കുട്ടികള്‍ രാവിലെ കുളിച്ചു പുതിയ വസ്ത്രങ്ങള്‍ ധരിച്ച് മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടം വാങ്ങി. വിഷുക്കോടി കൈമാറിയും പരസ്പരം സന്തോഷം പങ്കുവെച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ കൂടിയായപ്പോള്‍ പ്രവാസ ലോകത്തെ ആഘോഷം കളറായി. ഗള്‍ഫില്‍ ഇന്ന് പ്രവര്‍ത്തി ദിനമായതിനാല്‍ പലരും അവധിയെടുത്താണ് കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കുചേരുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്തുചേര്‍ന്നായിരുന്നു പലയിടങ്ങളിലെയും ആഘോഷ പരിപാടികള്‍. വിവിധ ഓഫീസുകളും ആഘോഷങ്ങളാല്‍ സജീവമായിരുന്നു.

Content Highlights: Vishu was celebrated with enthusiasm by Malayalis in Gulf countries, featuring traditional rituals, festive meals, and family gatherings.

To advertise here,contact us