‘തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യ ധ്വംസനവും’; ഇന്ത്യയിലെ വിവാദങ്ങളിൽ ചർച്ച സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ

ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത് എന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി

ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ ചർച്ച സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ. 'തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യ ധ്വംസനവും' എന്ന വിഷയത്തെ അധികരിച്ച് പ്രതിഭ സെന്ററിലാണ് പരിപാടി നടന്നു. എൻ വി ലിവിൻ കുമാർ മോഡറേറ്ററായ ചർച്ചയിൽ ബിനു മണ്ണിൽ, രജിത ടി കെ, പ്രദീപ് പുറവങ്കര എന്നിവർ വിഷയാവതരണം നടത്തി.

ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത് എന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിച്ചിരുന്ന ഒരു രാജ്യമെന്ന നിലയിലാണ് ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയത്. എന്നാൽ, സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന ആരോപണത്തിന് വിധേയമായിരിക്കുകയാണെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു.

13 കോടിയിലധികം വോട്ടർമാരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റപ്പെട്ടിട്ടുള്ളതെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പക്ഷപാതിത്വപരമായി പ്രവർത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ സമരരംഗത്താണ്. ഇതിന് പുറമെ പുതിയ തലമുറ പൗരന്മാരുടെ അവകാശങ്ങൾക്കായി തെരുവിൽ പോരാടുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഭരണകൂടം ബാധ്യസ്ഥരാണെന്നും ജനാധിപത്യം സംരക്ഷിക്കേണ്ടവർ അതിന്റെ അന്തകരാകരുതെന്നും യോഗം ആഹ്വാനം ചെയ്തു.

സതീഷ് കെ എം സ്വാഗതം ആശംസിച്ച യോഗത്തിൽ സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, വി കെ സുലേഷ്, കെ വി മഹേഷ്, ഇ എ സലിം, സുനിൽദാസ്, നയൻതാര, ഫൈസൽ എഫ് എം, കാസിം നന്തി, അനീഷ് നിർമ്മലൻ, എൻ കെ വീരമണി തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Bahrain Prathibha organised a discussion on controversies surrounding India’s Election Commission, focusing on electoral roll revisions, transparency and democratic accountability.

To advertise here,contact us