ലോകത്തിലെ ആദ്യ ബഹുരാഷ്ട്ര ഡ്രോൺ സേന; 'ഫാൽക്കൺ സ്ട്രൈക്കിൽ' അംഗമാകാൻ ബഹ്‌റൈൻ

ഓഗസ്റ്റ് 13-നാണ് യുഎസ് സെൻട്രൽ കമാൻഡ് ഫാൽക്കൺ സ്‌ട്രൈക്കിന്റെ രൂപീകരണ നടപടികൾ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.

ആക്രമണ ഡ്രോണുകൾക്കായുള്ള ലോകത്തിലെ ആദ്യ ബഹുരാഷ്ട്ര സേനയായ ‘ഫാൽക്കൺ സ്‌ട്രൈക്ക് ടാസ്‌ക് ഫോഴ്‌സിൽ’ അംഗമാകാൻ തീരുമാനം എടുത്ത് ബഹ്‌റൈൻ. യുഎസ് സെൻട്രൽ കമാൻഡിന്റെ (USCENTCOM) നേതൃത്വത്തിൽ രൂപീകരിക്കുന്ന ഈ അന്താരാഷ്ട്ര സൈനിക സംരംഭത്തിൽ ചേരാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ എപ്പോഴും ഉറച്ചതും വിശ്വസ്തവുമായ പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വായുവിലും കടലിന്റെ ഉപരിതലത്തിലും കടലിനടിയിലും ഒരുപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള 'വൺ-വേ അറ്റാക്ക്' (One-way attack) ഡ്രോണുകൾ ഉൾപ്പെടുന്ന ബഹുരാഷ്ട്ര, മൾട്ടി-ഡൊമെയ്ൻ സേനയായാണ് 'ഫാൽക്കൺ സ്‌ട്രൈക്ക്' രൂപീകരിക്കുന്നത്. ഓഗസ്റ്റ് 13-നാണ് യുഎസ് സെൻട്രൽ കമാൻഡ് ഫാൽക്കൺ സ്‌ട്രൈക്കിന്റെ രൂപീകരണ നടപടികൾ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. അമേരിക്കയുടെയും മേഖലയിലെ പങ്കാളി രാജ്യങ്ങളുടെയും സൈനിക പിന്തുണയോടെയാകും ഈ അത്യാധുനിക സേനയുടെ പ്രവർത്തനം.

മിഡിൽ ഈസ്റ്റിൽ ഏകദിശ ആക്രമണ ഡ്രോണുകൾക്കായി യുഎസ് സൈന്യം രൂപീകരിച്ച ആദ്യ പ്രത്യേക യൂണിറ്റായ ‘സ്‌കോർപ്യൻ സ്‌ട്രൈക്ക്’ ടാസ്‌ക് ഫോഴ്‌സിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 'ഫാൽക്കൺ സ്‌ട്രൈക്ക്' വികസിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളും പ്രതിരോധ ശേഷികളും പങ്കാളി രാജ്യങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് മേഖലയിലെ ഡ്രോൺ അധിഷ്ഠിത പ്രതിരോധ-ആക്രമണ ശേഷി ശക്തിപ്പെടുത്തുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights: Bahrain has committed to participate in Task Force Falcon Strike, the multinational drone task force established by US Central Command. The force will use unmanned attack systems operating in the air, on the sea and below the sea, with Bahrain becoming the first regional country publicly confirmed as a participant.

To advertise here,contact us