നിയമലംഘകരെ പിടികൂടാൻ ബഹ്റൈനിൽ രാജ്യവ്യാപക പരിശോധന; നിരവധി അനധികൃത തൊഴിലാളികൾ പിടിയിൽ

തൊഴിലുടമകളും തൊഴിലാളികളും രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

ബഹ്റൈനിൽ തൊഴിൽ, താമസ നിയമലംഘനങ്ങൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പരിശോധന കടുപ്പിക്കുന്നു. ഓഗസ്റ്റ് മാസത്തിൽ രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനകളിൽ 77 അനധികൃത തൊഴിലാളികളെ അധികൃതർ കസ്റ്റഡിയിലെടുത്തു. കൂടാതെ, വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 543 പേരെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്തു.

ഓഗസ്റ്റിൽ മാത്രം ആകെ 3,152 പരിശോധനാ ക്യാംപെയ്‌നുകളും സന്ദർശനങ്ങളുമാണ് എൽഎംആർഎ നടത്തിയത്. വിവിധ ഗവർണറേറ്റുകളിലായി 2,973 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതിനുപുറമേ, വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 179 സംയുക്ത പരിശോധനാ ക്യാംപെയ്‌നുകളും സംഘടിപ്പിച്ചു. തൊഴിൽ വിപണിയിലെയും താമസനിയമങ്ങളിലെയും ലംഘനങ്ങൾ കണ്ടെത്തിയ മുഴുവൻ കേസുകളിലും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO), നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചായിരുന്നു എൽഎംആർഎയുടെ ഈ വൻ പരിശോധന.

രാജ്യത്തെ തൊഴിൽ വിപണിയുടെ സ്ഥിരതയും സുതാര്യതയും മത്സരക്ഷമതയും ഉറപ്പുവരുത്തുന്നതിനായി ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. തൊഴിലുടമകളും തൊഴിലാളികളും രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

Content Highlights: Bahrain authorities have launched a nationwide inspection campaign to identify law violators and illegal workers. Several unauthorized workers were detained during the checks as part of efforts to enforce residency and labour regulations across the country.

To advertise here,contact us