ബഹ്റൈനിലെ തൊഴിൽ വിപണി കൂടുതൽ ക്രമബദ്ധവും നീതിപൂർണ്ണവുമാക്കുന്നതിന്റെ ഭാഗമായി നിയമവിരുദ്ധ തൊഴിലാളികൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കി. കഴിഞ്ഞ 2026 ജൂൺ മാസത്തിൽ മാത്രം രാജ്യവ്യാപകമായി 5,130 സംയുക്ത പരിശോധനകളാണ് അധികൃതർ നടത്തിയത്. വിസ, താമസ നിയമങ്ങൾ ലംഘിച്ച പശ്ചാത്തലത്തിൽ ഇതേ കാലയളവിൽ 256 നിയമലംഘകരെ നാടുകടത്തിയതായും എൽഎംആർഎ ഔദ്യോഗികമായി അറിയിച്ചു.
വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനകളിൽ തൊഴിൽ വിപണി നിയന്ത്രണ നിയമങ്ങളും ബഹ്റൈൻ താമസനിയമങ്ങളും ലംഘിച്ച നിരവധി പേരെയാണ് കണ്ടെത്തിയത്. ഇതിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ 79 തൊഴിലാളികളെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തിയ മുഴുവൻ വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ജൂൺ മാസത്തിൽ രാജ്യത്തെ നാല് ഗവർണറേറ്റുകളിലായി വിവിധ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 4,978 പരിശോധനാ സന്ദർശനങ്ങളാണ് നടത്തിയത്. ഇതിനുപുറമേ 152 സംയുക്ത മിന്നൽ പരിശോധനാ ക്യാമ്പെയ്നുകളും അധികൃതർ സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ ക്യാമ്പെയ്നുകൾ നടന്നത് തലസ്ഥാന ഗവർണറേറ്റിലാണ്. 65 പരിശോധനകൾ ഇവിടെ നടന്നു. മുഹറഖ് ഗവർണറേറ്റിൽ 37-ഉം സതേൺ ഗവർണറേറ്റിൽ 32-ഉം നോർത്തേൺ ഗവർണറേറ്റിൽ 18-ഉം പരിശോധനാ ക്യാമ്പെയ്നുകളാണ് കഴിഞ്ഞമാസം പൂർത്തിയാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ്, വിവിധ ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവരുമായി സഹകരിച്ചായിരുന്നു എൽഎംആർഎയുടെ ഈ വൻ പരിശോധന. വ്യവസായ-വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയും ഈ സംയുക്ത പരിശോധനാ സംഘത്തിൽ പങ്കാളികളായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നാണ് സൂചന.
Content Highlights: Bahrain has stepped up its crackdown on visa and residency violations, deporting 256 individuals during June. The authorities said the action is part of ongoing efforts to ensure compliance with immigration regulations and maintain public order.