ഇ-സ്‌കൂട്ടറുകള്‍ക്കും ഇ-ബൈക്കുകള്‍ക്കും കര്‍ശന നിയന്ത്രണവുമായി ബഹ്റൈൻ; പ്രവേശനം ഉൾറോഡുകളിൽ മാത്രം

പൊതുസുരക്ഷ പരിഗണിച്ച് ഹൈവേകളില്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു

ബഹ്റൈനില്‍ ഇ-സ്‌കൂട്ടറുകള്‍ക്കും ഇ-ബൈക്കുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പുതിയ നിയമ പ്രകാരം ഉള്‍റോഡുകളില്‍ മാത്രമെ ഇത്തരം വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. നിയമ ലംഘകര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഇലക്ട്രിക് ബൈക്കുകളും ഇ-സ്‌കൂട്ടറുകളും എന്നിവ ഉള്‍പ്പെട്ട അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പുതിയ ഭേദഗതി അനുസരിച്ച് ഇലക്ട്രിക് ബൈക്കുകള്‍ക്കും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഉള്‍റോഡുകളില്‍ മാത്രമായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക.

പൊതുസുരക്ഷ പരിഗണിച്ച് ഹൈവേകളില്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു. കൂടാതെ വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 25 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഉപയോഗത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങള്‍, സമയം, പ്രായപരിധി എന്നിവയും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത പ്രായത്തില്‍ താഴെയുള്ളവര്‍ വാഹനം ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നേരിട്ടുള്ള മേല്‍നോട്ടം നിര്‍ബന്ധമാണ്. അനുവദനീയമായ പ്രായപരിധിക്ക് താഴെയുള്ളവര്‍ക്ക് വാഹനങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്.

പുതിയ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്മുന്നറിയിപ്പ് നല്‍കി. കനത്ത പിഴയും തടവുശിക്ഷയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. നിയമം പാലിക്കുന്നതില്‍ വാഹന ഉടമകള്‍ക്കും മാതാപിതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Authorities in Bahrain announced tighter restrictions on e-scooters and e-bikes, allowing access only on internal roads to improve public safety and traffic control.

To advertise here,contact us