'പടം ഇറങ്ങി കഴിയുമ്പോൾ ട്രോൾ വരും, അതിനൊരു കാരണമുണ്ട്'; സംവിധായകൻ സി സി നിതിൻ

'പ്രേമവതി' എന്ന ഗാനം സിദ്ധുവിനെ പോലൊരാൾ പാടി അത്രയും റീച്ച് വന്നതിൽ സന്തോഷമാണ്

കൊറോണ ധവാന് ശേഷം വീണ്ടും പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകൻ സി സി നിതിൻ. ലുക്മാൻ അവറാൻ നായകനായി എത്തുന്ന ഒരു റൊമാന്റിക് ചിത്രമാണ് അതിഭീകര കാമുകൻ. ഒരുപാട് കാലമായി നല്ലൊരു ലവ് സ്റ്റോറി മലയാളത്തിൽ ഇല്ലെന്നും ഈ ചിത്രം പ്രേക്ഷകർക്ക് ഒരു സമ്മാനമായി നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ വിശേഷങ്ങളുമായി റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് സി സി നിതിൻ.

കൊറോണ ധവാന് ശേഷം വീണ്ടും ലുക്മാനെ തന്നെ പുതിയ സിനിമയിൽ കാസ്റ്റ് ചെയ്യാനുള്ള കാരണം?

ലുക്മാനുമായി അത്രയും സൗഹൃദവും ബോണ്ടും ഉണ്ട്. കുറച്ചുകൂടെ കംഫോർട്ടബിൾ ആണ് ലുക്കുവിനൊപ്പം വർക്ക് ചെയ്യാൻ. കഥാപാത്രത്തിന്റെ ഡെപ്ത് മനസിലാക്കി തിരിച്ച് തരാൻ ലുക്കുവിന് സാധിക്കും എന്നത് കൊണ്ടാണ് വീണ്ടും ലുക്മാനിലേക്ക് തന്നെ എത്തിയത്. ആദ്യ സിനിമയിലെ നായകൻ കൂടിയാണ് അദ്ദേഹം. 2014ൽ തീരുമാനിച്ചിട്ട് നടക്കാതെ പോയ ചിത്രം കൂടിയാണ് അതിഭീകര കാമുകൻ. പിന്നീട് കൊറോണ ധവാൻ സംഭവികുക്കയായിരുന്നു. അന്ന് ലുക്മാൻ ആയിരുന്നില്ല നായകൻ. പിന്നീട് കൊറോണ ധവാൻ ചെയ്തപ്പോൾ ലുക്മാനുമായി അത്രയും കണക്ഷൻ വരുകയും അങ്ങനെയാണ് വീണ്ടും സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

അതിഭീകര കാമുകൻ എന്ന പേര് സിനിമയ്ക്ക് ഇടാനുള്ള കാരണം?

2014 കാലഘട്ടത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. അന്ന് ഇന്നത്തെപ്പോലെ ഒരു പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറയാൻ ഈസി അല്ല. വാട്സ് ആപ്പ് ഒന്നും ഇല്ല. നേരിട്ട് തന്നെ പറയണം. ആ കാലഘട്ടത്തിൽ ഒരു പ്രണയം തുറന്ന് പറയാൻ ഇൻട്രോവേർട്ട് ആയ ഒരാൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. 100 പേരെ മുന്നിൽ നിർത്തി തല്ലാൻ പറഞ്ഞാൽ ചിലപ്പോൾ പറ്റുമായിരിക്കും പക്ഷെ ഒരു പെണ്ണിന്റെ കണ്ണിൽ നോക്കി ഇഷ്ടം പറയാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ അയാൾക്ക് തോന്നുന്ന ഇഷ്ടത്തിനെയാണ് അതിഭീകര കാമുകനാക്കി മാറ്റുന്നത്.

സിനിമയിലെ നായകന്റെ കഥാപാത്രം പോകുന്നത് ഈ സിനിമയുടെ തിരക്കഥാകൃത്ത് സുജയ് മോഹൻരാജിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള പ്രണയം ബന്ധപ്പെടുത്തിയാണ്. നായകന്റെ അമ്മയുടെ കഥാപാത്രം എന്റെ അമ്മയുടെ സ്വഭാവം കൂടിക്കലർന്നതാണ്. ഇതിനെ രണ്ടിനെയും ചേർത്ത് ഒരു സിനിമയാക്കിയതാണ് അതിഭീകര കാമുകൻ. യഥാർത്ഥ ജീവിതത്തിന്റെ കുറച്ച് ഏടുകൾ സിനിമയിൽ ഉണ്ട്.

'പ്രണയവതി' എന്ന ഗാനം വളരെ ട്രെൻഡിങ് ആണ് ഈ ഗാനം സിനിമയക്ക് നൽകുന്ന ബൂസ്റ്റിനെക്കുറിച്ച്?

'പ്രേമവതി' എന്ന ഗാനം സിദ്ധുവിനെ പോലൊരാൾ പാടി അത്രയും റീച്ച് വന്നതിൽ സന്തോഷമാണ്. പടം കൂടുതൽ ആളുകളിലേക്ക് എത്തി. ഒരു സിനിമയ്ക്ക് ആളുകൾ വരണം എങ്കിൽ അതിന് മുന്നേ കൊടുക്കുന്ന ഏതെങ്കിലും കോൺടെന്റ് ക്ലിക്ക് ആകണം. പാട്ട് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതൊരു പാൻ ഇന്ത്യൻ സിനിമ ആയിട്ടാണോ റിലീസിന് ഒരുങ്ങുന്നത്? നായികയായി ദൃശ്യ എത്തിയതിനെക്കുറിച്ച്?

സിനിമയിൽ പുതിയ മുഖം പ്ലാൻ ചെയ്യാം എന്നുണ്ടായിരുന്നു. പക്ഷെ പുതിയ ആളാകുമ്പോൾ അവരെ അഭിനയിപ്പിച്ച് ഷൂട്ടിംഗ് ദിനങ്ങൾ കൂടുതലായാൽ അത് ബജറ്റിനെ ബാധിക്കും. അങ്ങനെ ഇരിക്കുമ്പോഴാണ് ദൃശ്യയിലേക്ക് എത്തുന്നത്. കഥ പറഞ്ഞപ്പോൾ തന്നെ ദൃശ്യയ്ക്ക് വർക്ക് ആയിരുന്നു. ഒരു തിരിച്ചുവരവിനായി ദൃശ്യയും നല്ലൊരു കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. മലയാളത്തിൽ റീലീസ് ചെയ്തതിന് ശേഷം ഒരാഴ്ച്ചത്തെ വ്യത്യാസത്തിൽ സിനിമ മറ്റു ഭാഷകളിലും എത്തും. ഒരു പാൻ ഇന്ത്യൻ സിനിമ എന്ന് തന്നെ പറയാം.

2014 കാലഘട്ടമാണ് സിനിമയിൽ അപ്പോൾ ഹൈവേയിൽ ഇപ്പോൾ ഷൂട്ട് ചെയ്യുമ്പോൾ പുതിയ പുതിയ വണ്ടികൾ എല്ലാം ഒരു വെല്ലുവിളി ആയിരുന്നു. എങ്ങനെ നോക്കിയാലും പുതിയ വണ്ടികൾ കയറി വരും. അത് സിനിമ ഇറങ്ങുമ്പോൾ ട്രോൾ വരും. അല്ലെങ്കിൽ നമ്മൾ എല്ലാം സി ജി വഴി എഡിറ്റ് ചെയ്യാൻ കൊടുക്കണം. ചെറിയ സിനിമ ചെയ്യുമ്പോൾ അത് ബജറ്റിനെ ഭീകരമായി ബാധിക്കും. പടം ഇറങ്ങി കഴിയുമ്പോൾ യൂട്യൂബിൽ വട്ടത്തിൽ ട്രോൾ വരും. ലുക്കു ഹൈവേയിലൂടെ നടക്കുമ്പോൾ പുതിയ സ്വിഫ്റ്റും, മാരുതിയും എല്ലാം ഉണ്ട്. ട്രോൾ വരുന്നതു മുൻപ് ഞങ്ങൾ പറഞ്ഞാൽ കുഴപ്പം ഇല്ലല്ലോ. പക്ഷെ അത് സിനിമയുടെ ആസ്വാദനത്തിനെ ഒരിക്കലും ബാധിക്കില്ല.

കാന്ത സിനിമയുമായാണ് അതിഭീകര കാമുകൻ ക്ലാഷ് വരുന്നത്, ചിന്തിച്ചിരുന്നോ ?

കാന്തയുമായി സിനിമയ്ക്ക് ഒരു ക്ലാഷ് പ്രതീക്ഷിച്ചിരുന്നില്ല. ദുൽഖർ സിനിമയ്ക്ക് ക്ലാഷ് വെക്കാൻ വേണ്ടി ഇറക്കിയതല്ല. അത് യാദൃശ്ചികമായി വന്നതാണ്. രണ്ടും രണ്ട് ടൈപ്പ് സിനിമ ആയതുകൊണ്ട് കുഴപ്പം ഇല്ല. ഒരുപാട് കാലമായി ലവ് സ്റ്റോറി മലയാളത്തിൽ ഇല്ല. അതുകൊണ്ട് ഒരു പ്രതീക്ഷ ഉണ്ട്.

Content Highlights: Director C C Nithin talks About new movie Athibheekara Kamukan

To advertise here,contact us