നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'അക്ക' ഒക്ടോബര്‍ 30ന്; ടീസര്‍ പുറത്ത്

കീര്‍ത്തി സുരേഷ്-രാധിക ആപ്‌തെ-യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'അക്ക' ഒക്ടോബര്‍ 30ന്

കീര്‍ത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'അക്ക'യുടെ ടീസര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസ് ഒക്ടോബര്‍ 30ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗോളതലത്തില്‍ സ്ട്രീമിങ് ആരംഭിക്കും. 1980കളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ തലമുറകളായി കെട്ടിപ്പടുത്ത് ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പെര്‍ണുരു എന്ന സാങ്കല്‍പ്പിക രാജ്യത്താണ് കഥ നടക്കുന്നത്. ആഴത്തില്‍ വേരൂന്നിയ പാരമ്പര്യങ്ങളും അധികാരമാറ്റങ്ങളും കടുത്ത വൈരങ്ങളും നിറഞ്ഞ ഈ ലോകത്ത് ഭവാനി, രുദ്ര എന്നീ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സീരീസിന്റെ പ്രധാന ആകര്‍ഷണം.

ധര്‍മരാജ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അക്ക' അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്. പെര്‍ണുരുവിന്റെ അധികാരഘടനയും അവിടെ നിലനില്‍ക്കുന്ന പാരമ്പര്യങ്ങളും വൈരങ്ങളും ഉള്‍പ്പെടുത്തി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു ഗ്യാങ്സ്റ്റര്‍ ലോകത്തിലൂടെയാണ് സീരീസ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ് ഭവാനിയായും രാധിക ആപ്തെ രുദ്രയായും എത്തുന്നു. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും കഥയ്ക്ക് സങ്കീര്‍ണതയും ഉദ്വേഗവും നല്‍കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തന്റേതായ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചുറ്റുമുള്ള ലോകത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കഥാപാത്രമാണ് രുദ്രയെന്ന് രാധിക ആപ്തെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കു ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വ്യത്യസ്തവും ഓര്‍മയില്‍ നില്‍ക്കുന്നതുമായ കഥാപാത്രങ്ങളിലൊന്നാണ് ഭവാനിയെന്ന് കീര്‍ത്തി സുരേഷും അഭിപ്രായപ്പെട്ടു.

നെറ്റ്ഫ്‌ലിക്‌സിനും വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റിനുമൊപ്പമുള്ള തന്റെ ആദ്യ സീരീസാണ് 'അക്ക'യെന്നും താരം വ്യക്തമാക്കി. ഭവാനിയുടെ പല തലങ്ങളിലൂടെയുള്ള യാത്രയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷയെന്നും കീര്‍ത്തി പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സുമായി മുമ്പ് നിരവധി പ്രോജക്ടുകളില്‍ സഹകരിച്ചിട്ടുള്ള രാധിക ആപ്തെ, വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റിനൊപ്പം ഈ സീരീസില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും വ്യത്യസ്തമായ കഥാപാത്രങ്ങളുള്ള ഈ കഥയുടെ ഭാഗമാകാനായതും സന്തോഷകരമായ അനുഭവമാണെന്ന് പ്രതികരിച്ചു. കീര്‍ത്തി സുരേഷിന്റെ ജന്മദിനത്തില്‍ ടീസറും റിലീസ് തീയതിയും പ്രഖ്യാപിച്ചതില്‍ ഉള്ള സന്തോഷവും രാധിക പങ്ക് വെച്ചു.

സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗ്യാങ്സ്റ്റര്‍ സാഗ എന്ന നിലയില്‍ 'അക്ക'യുടെ ലോകവും കഥാപാത്രങ്ങളും ശ്രദ്ധേയമാകുന്നു. പാരമ്പര്യങ്ങളും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കൊപ്പം, സ്വന്തം നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പെര്‍ണുരുവിലെ ശക്തമായ സ്ത്രീകളുടെ കഥയാണ് സീരീസ് പറയുന്നത്. കീര്‍ത്തി സുരേഷ്, രാധിക ആപ്തെ എന്നിവര്‍ക്കൊപ്പം തന്‍വി ആസ്മിയും പ്രധാന താരനിരയിലുണ്ട്. ഒക്ടോബര്‍ 30ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സീരീസ് പ്രേക്ഷകരിലേക്ക് എത്തും. സംവിധാനം, രചന: ധര്‍മരാജ് ഷെട്ടി, നിര്‍മ്മാണം: വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി, പിആര്‍ഒ: ശബരി.

Content Highlights: 'Akka'—a Netflix series featuring Keerthy Suresh, Radhika Apte, and Yash Raj Films—arrives on October 30; teaser released.

To advertise here,contact us