ജയസൂര്യ-ജിതിന്‍ കെ ജോസ് ചിത്രം 'മായന്‍' ആഗോള റിലീസ് ഡിസംബര്‍ 3 ന്

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ജിതിന്‍ കെ ജോസ്- ജയസൂര്യ ചിത്രം 'മായന്‍', ചിത്രീകരണം പൂര്‍ത്തിയായി. പാലായില്‍ വെച്ച് നടന്ന ചിത്രീകരണത്തോടെയാണ് ചിത്രം പാക്കപ്പ് ആയത്. 2026, ഡിസംബര്‍ 3 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. റഷ്യയില്‍ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഒരുക്കിയത്. അതിന് ശേഷമാണ് ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം ആരംഭിച്ചത്. സൂപ്പര്‍ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച രാജീവ് ഗോവിന്ദന്‍ മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

'മായന്‍ ചാപ്റ്റര്‍ 1' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍ ബിയോണ്ട് ദ ഷാഡോസ് എന്നാണ്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു. ജയസൂര്യ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം, ഒരു മിസ്റ്ററി ത്രില്ലര്‍ ആണെന്ന സൂചനയാണ് നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ നല്‍കിയത്.

പ്രേക്ഷകരില്‍ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന തരത്തിലുള്ള മിസ്റ്ററി ത്രില്ലര്‍ ആയിരിക്കും 'മായന്‍' എന്നാണ് ലഭിക്കുന്ന സൂചനകള്‍ പറയുന്നത്. സാധാരണ മിസ്റ്ററി ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായി, രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീളുന്ന ഒരു ദുരൂഹ ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചില രഹസ്യ ആചാരങ്ങളും, ലോകത്തിന്റെ പല ഭാഗങ്ങളിലായി മറഞ്ഞിരിക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന പശ്ചാത്തലമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇതിനിടെ കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുര്‍മന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാകുമോ എന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആഗോള പശ്ചാത്തലവും നിഗൂഢത നിറഞ്ഞ കഥയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക മികവും ഒത്തുചേരുന്ന ഒരു വമ്പന്‍ മിസ്റ്ററി ത്രില്ലറായാണ് 'മായന്‍' ഒരുങ്ങുന്നതെന്നാണ് നിലവിലെ സൂചന.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസല്‍ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് പ്രവീണ്‍ പ്രഭാകര്‍ എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുനില്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ - രോഹിത് ആര്‍ നായര്‍, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബോസ് വി, വരികള്‍ - രാജീവ് ഗോവിന്ദന്‍, ജിതിന്‍ കെ ജോസ്, കോ - റൈറ്റര്‍ - ശ്രീഖില്‍ ശ്രീനിവാസന്‍, സ്റ്റില്‍സ് - സിനത് സേവ്യര്‍, പ്രോജക്ട് ഡിസൈനര്‍ - ആന്റണി സ്റ്റീഫന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights:The global release of the Jayasurya-Jithin K. Jose film 'Maayan' is set for December 3. It is produced by Magic Moon Productions.

To advertise here,contact us