'ലക്കി ഭാസ്കർ 2' ഉണ്ടാകും; സ്ഥിരീകരിച്ച് വെങ്കി അറ്റ്ലൂരിയും ദുൽഖർ സൽമാനും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു

ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ വെങ്കി അറ്റ്ലൂരി. ദുൽഖറിന്റെ പ്രൊജക്റ്റുകൾ പൂർത്തിയായ ശേഷം ലക്കി ഭാസ്കർ ആയി വരുമെന്നും തന്നെ കാണുന്നവർ ഒക്കെ രണ്ടാം ഭാഗം എപ്പോൾ ഇറങ്ങുമെന്ന് ചോദിക്കാറുണ്ടെന്നും വെങ്കി പറഞ്ഞു. ഐ ആം ഗെയിം റിലീസിന് മുൻപ് ദുൽഖർ നൽകിയ അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറഞ്ഞത്.

'ദുൽഖർ ഇതുവരെയുള്ള പ്രൊജക്റ്റുകൾ ഒക്കെ പൂർത്തിയാക്കിയ ശേഷം ഞാൻ വാക്ക് തരുന്നു ലക്കി ഭാസ്കർ 2 ആയി വരും. എനിക്ക് രണ്ടാം ഭാഗത്തിന് നല്ല പ്രഷർ ഉണ്ട്…കാണുന്നവർ ഒക്കെ ചോദിക്കാറുണ്ട്. ആ റോൾ ചെയ്തതിന് ഒരുപാട് നന്ദി, ഞാൻ എന്റെ ബെസ്റ്റ് അതിൽ ചെയ്യും', വെങ്കി പറഞ്ഞു.

കൂടാതെ താൻ എവിടെ പോയാലും ചില ആളുകൾ എന്നെ ഭാസ്കർ എന്നാണ് വിളിക്കുന്നതെന്നും താൻ വീണ്ടും വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സംവിധായകൻ ആണ് വെങ്കിയെന്നും ദുൽഖർ പറഞ്ഞു. മാത്രവുമല്ല, ലക്കി ഭാസ്കർ 2 അല്ലെങ്കിലും വേറെ പുതിയ സ്ക്രിപ്റ്റ് കൊണ്ടുവന്നാലും വെങ്കിയുടെ ഒപ്പം സിനിമ ചെയ്യുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത് 2024 ൽ ഒക്ടോബർ 31 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. മുൻപ് 'വിശ്വനാഥ്‌ ആൻഡ് സൺസ്' എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിൽ വെങ്കി ഇക്കാര്യം പറഞ്ഞിരുന്നു.

അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന 'ഐ ആം ഗെയിം' ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം സെപ്റ്റംബർ മൂന്നിന് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറിനും വമ്പന്‍ പ്രതികരണം ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന തീയേറ്റര്‍ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Content Highlights: Venky Atluri Confirms about dulquer salman movie lucky bhaskar 2

To advertise here,contact us