

കഴിഞ്ഞ ദിവസം നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായി സി ജോസഫ് വിജയ് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് വിജയ് മൂകാംബികയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ദര്‍ശനത്തിന് ശേഷം വിജയ് സ്വയം കാറോടിച്ചാണ് മടങ്ങിയത്. വിജയ്യെ കാണാന്‍ നിരവധി ജനങ്ങളാണ് വഴിനീളെ തടിച്ചു കൂടിയത്. തന്നെ കാണാന്‍ വന്നവരെയെല്ലാം കൈവീശി വിജയ് അഭിവാദ്യം ചെയ്തു. കനത്ത സുരക്ഷയില്‍ വിജയ് ക്ഷേത്രത്തില്‍നിന്ന് പുറത്തേക്ക് പോകവെ, ഒരു യുവതി താരത്തെ സമീപിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി കാറിനടുത്തെത്താന്‍ ശ്രമിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടയുന്നതും യുവതി വീണ്ടും കരഞ്ഞുകൊണ്ട് പോകുന്നതെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കും.
പൂര്‍ണകുംഭം നല്‍കിയാണ് ക്ഷേത്രത്തിലെത്തിയ വിജയ്യെ തന്ത്രി സ്വീകരിച്ചത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിലെ പ്രധാന ഉദ്യോഗസ്ഥരും അദ്ദേഹത്തിന് സ്വീകരണം നല്കി. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം നാല് മണിക്ക് തുറക്കേണ്ട ക്ഷേത്രനട, മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് മൂന്ന് മണിക്ക് തന്നെ തുറന്നിരുന്നു. ദേവിയെ ദര്‍ശിച്ച ശേഷം സവിശേഷമായ 'സങ്കല്പ ദീപാരാധന' എന്ന പൂജയിലും വിജയ് പങ്കെടുത്തു.
ഇതിനു മുന്‍പും വിജയ് മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായതിനു ശേഷം ഇത് ആദ്യമായിട്ടാണ് വിജയ് മൂകാംബിക ക്ഷേത്രത്തിലെത്തുന്നത്. മൂകാംബിക ക്ഷേത്രം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ തമിഴ്നാട് മുഖ്യമന്ത്രിയാണ് വിജയ്. മുന്‍മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്, ജയലളിത എന്നിവര്‍ നേരത്തെ ദര്‍ശനം നടത്തിയിരുന്നു.
Content Highlights: A video of Vijay visiting the Mookambika temple and offering darshan is going viral on social media