സൂര്യയെ നായകനാക്കി ആര് ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് പറയുകയാണ് ആർ ജെ ബാലാജി. സിനിമയുടെ ആദ്യ ക്ലൈമാക്സ് ഇപ്പോൾ കാണുന്നത് പോലെ ആയിരുന്നില്ലെന്നും കാന്താര കണ്ട ശേഷമാണ് അത് തിരുത്തിയതെന്നും ആർ ജെ ബാലാജി പറഞ്ഞു.
‘കറുപ്പിന്റെ ആദ്യത്തെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നില്ല. മറ്റൊരു രീതിയിലായിരുന്നു സിനിമ അവസാനിച്ചത്. അത് ഷൂട്ട് ചെയ്തിട്ടും എനിക്ക് ഒരു തൃപ്തി വന്നില്ല. രണ്ട് മാസം കഴിഞ്ഞ് എന്റെ സുഹൃത്തിനൊപ്പം കാന്താര 2 കാണാന്‍ പോയി. ഇന്ത്യക്ക് പുറത്ത് ഒരു തിയേറ്റിലായിരുന്നു പോയത്. രാവിലെ ഒമ്പത് മണിക്കുള്ള ഷോയ്ക്കായിരുന്നു കയറിയത്.
ആ സിനിമയില്‍ ഒരു പ്രത്യേക സീന്‍ വന്നപ്പോള്‍ പ്രേക്ഷകരെല്ലാം അത് ആഘോഷിക്കാന്‍ തുടങ്ങി. 10 മിനിറ്റുള്ള ആ സീന്‍ വല്ലാത്തൊരു ഇംപാക്ടാണ് ഉണ്ടാക്കിയത്. അവരുടെ വിശ്വാസവുമായി ചേര്‍ന്ന് നില്ക്കുന്ന സീനായിരുന്നു അത്. ആ സമയത്താണ് ഞാന്‍ ആലോചിച്ചത്, തമിഴ്നാട്ടിലെ വലിയ ദൈവമായ കറുപ്പ് സാമിയെക്കുറിച്ച് ഒരു സിനിമ ചെയ്തിട്ട് ഇങ്ങനെയൊരു സീന്‍ ഞാന്‍ ചെയ്തില്ലല്ലോ എന്ന്. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന ക്ലൈമാക്സിലേക്കെത്തിയത്,’ ബാലാജി പറയുന്നു.
മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമായിരുന്നില്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യ ബോക്സ് ഓഫീസിലെ തന്റെ പവർ തിരിച്ച് പിടിച്ചിരിക്കുന്നത്. സിനിമ ആഗോളതലത്തിൽ 200 കോടിയും പിന്നിട്ടിരുന്നു. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്.
അതേസമയം, ജിത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ.
Content Highlights: Actor and filmmaker RJ Balaji stated that the climax of the movie Karuppu drew inspiration from the critically acclaimed Kannada film Kantara. The revelation has generated conversations on social media among movie lovers and fans. Karuppu has been receiving attention for its storytelling and performances, while comparisons with Kantara continue to trend online.