ദൃശ്യം കണ്ടവർ ആരും തന്നെ ജോർജ്ജുകുട്ടിയുടെ വക്കീലിനെ മറക്കാൻ സാധ്യതയില്ല. അഡ്വ. രേണുക എന്ന കഥാപാത്രത്തെയാണ് ശാന്തി മായാദേവി അവതരിപ്പിച്ചത്. സ്ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ശാന്തി വക്കീലാണ്. വക്കീൽ പ്രഫഷനിൽ തിളങ്ങി നിൽക്കുന്ന സമയത്താണു സിനിമയിൽ അഭിനയിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിനയത്തിൽ നിന്ന് തിരക്കഥാകൃത്തായി വളർന്നു. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രത്തിലൂടെ ജീത്തുവിനൊപ്പം തിരക്കഥാകൃത്തായ തുടക്കം കുറിച്ച ശാന്തി സിനിമയിലും ഇപ്പോൾ സജീവമാണ്.
ജീവിതത്തില്‍ ജോര്‍ജുകുട്ടിയെപ്പോലുള്ളവരെ താന്‍ പരിചയപ്പെട്ടിട്ടുണ്ടെന്നാണ് ശാന്തി മായാദേവി പറയുന്നത്. ജോര്‍ജുകുട്ടിയേക്കാളും ബുദ്ധിയുള്ള പ്രതികളുണ്ടെന്നും ശാന്തി മായാദേവി പറയുന്നു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് ശാന്തിയുടെ പ്രതികരണം. ഭാര്യയെ 21 വെട്ടുകൾ കൊണ്ട് കൊലപ്പെടുത്തിയ ഒരാളുടെ കേസിനെ കുറിച്ചാണ് ശാന്തി പറയുന്നത്. അങ്ങനെ ചെയ്യാൻ അയാൾക്ക് കാര്യങ്ങൾ ഉണ്ടാവാമെന്നും, വധശിക്ഷ വിധിച്ച ആ കുറ്റവാളിയുടെ കേസിൽ ജീവപര്യന്തമായി കുറച്ചുകൊടുക്കാൻ തനിക്ക് ആയെന്നും പറഞ്ഞ ശാന്തി മായദേവി, അയാൾ പരോളിൽ ഇറങ്ങുമ്പോൾ തന്നെ കാണാൻ വരാറുണ്ടെന്നും, ഒരു അഭിഭാഷക എന്ന നിലയിൽ തനിക്ക് അയാളോട് സ്നേഹമുണ്ടെന്നും ശാന്തി മായാദേവി പറയുന്നു.
ജോര്‍ജുകുട്ടിയെ പോലെ ഒരാളെ പരിചയപ്പെട്ടിട്ടില്ല. പക്ഷെ സമാനമായത് ഉണ്ട്. പേര് പറയാന്‍ പറ്റില്ല. ഭാര്യയെ 21 വെട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. വധശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് അപ്പീല്‍ നല്കി ജീവപര്യന്തമാക്കി. അദ്ദേഹം ജയിലില്‍ കിടക്കുകയാണ്. നല്ല നടപ്പു കാരണം ഇപ്പോള്‍ ഓപ്പണ്‍ ജയിലിലാണ്. അദ്ദേഹം എല്ലാ പരോളിനും എന്നെ കാണാന്‍ വരും. അവിടെ ജോലി ചെയ്ത് ലഭിച്ചതെല്ലാം കൂട്ടി വച്ച് പതിനായിരം രൂപയുമായിട്ടാണ് വരിക.
എന്റെ ഓഫീസിലെ എല്ലാവരും ഭാര്യയെ ക്രൂരമായി കൊന്ന ഒരാളായിട്ടാണ് കാണുന്നത്. പക്ഷെ എനിക്ക് അദ്ദേഹം അതല്ല. കാരണം അതിന് പിന്നിലൊരു കഥയുണ്ട്. ഒന്നിനേയും ന്യായീകരിക്കുകയല്ല. മുന്‍വിധി പാടില്ല. കഴിഞ്ഞ ദിവസം എന്റെ സീനിയറുമായി സംസാരിച്ചു. അദ്ദേഹം റിപ്പറിന്റെ ഒരു കേസ് എടുത്തിരിക്കുകയാണ്. അപ്പോള്‍ അതില്‍ മുന്‍വിധി പാടില്ല. റേപ്പ് ചെയ്തു കൊന്ന കേസാണെങ്കില്‍, ങേ റേപ്പ് ചെയ്ത് കൊന്നോ എന്ന് നമുക്ക് തോന്നും. പക്ഷെ അങ്ങനെ മുന്‍വിധി പാടില്ല. മുന്‍വിധിയോടെ സമീപിച്ചാല്‍ കേസ് പഠിക്കാനോ വായിക്കാനോ സാധിക്കില്ല. തീര്‍ച്ചയായും മനുഷ്യരാണ്, നമ്മളെ ബാധിക്കും.
അദ്ദേഹം പരോളില്‍ ഇറങ്ങി വരുമ്പോള്‍ ആ പതിനായിരം രൂപ കൊണ്ട് തന്ന് വക്കീലേ ഇത് വച്ചോളൂവെന്ന് പറയും. താനിത് ആര്‍ക്ക് കൊടുക്കാനാണ്, വേറാരുമില്ലെന്ന് പറയും. ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യം എനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പോകും ചായ കുടിക്കും. അദ്ദേഹത്തിന്റെ സന്തോഷത്തിന് ആ പതിനായിരത്തില്‍ നിന്നുമൊരു ആയിരം രൂപയെങ്ങാനും എടുക്കും, ബാക്കി തിരികെ നല്‍കും. അങ്ങനെ പല തരത്തിലുള്ള അനുഭവങ്ങളുണ്ട്.
ജോര്‍ജുകുട്ടിയ്ക്കും കാരണമുണ്ട്. കുടുംബത്തെ രക്ഷിക്കാനായി ചെയ്തതാണ്. ഞാന്‍ പറയുന്നത് കേട്ടിട്ട് കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് നാളെ വക്കീലന്മാര് തന്നെ ഇറങ്ങിയേക്കാം. പക്ഷെ വക്കീല്‍ എന്ന നിലയില്‍, ഭാര്യയെ വെട്ടിക്കൊന്ന ആളോട് എനിക്ക് സ്നേഹമുണ്ട്. ഭാര്യയെ വെട്ടിക്കൊന്നതു കൊണ്ടല്ല. അതിനൊരു പശ്ചാത്തലമുണ്ട്. ഏത് സാഹചര്യത്തില്‍, എന്തുകൊണ്ട് എന്നൊക്കെ നമുക്കല്ലേ അറിയൂ. അങ്ങനെ ഓരോന്നും ഓരോ വ്യക്തികളും സാഹചര്യങ്ങളുമായിട്ടാണ് കാണേണ്ടത്.
Content Highlights: Lawyer and screenwriter Shanthi Mayadevi has spoken about the emotional conflict she experienced while discussing a man accused of brutally killing his wife. Shanthi said that despite the horrific nature of the crime, she still feels compassion and love for the accused in her role as a lawyer. Her statement has triggered debates on the ethics of law, empathy, justice, and the responsibilities of legal professionals in handling criminal cases.