ഇനി അഞ്ച് ഷോ നടത്താം; തമിഴ് സിനിമയ്ക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി വിജയ് സർക്കാർ

ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ വരുമ്പോള്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ക്ക് കൂടി അനുമതി നല്‍കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് സിനിമാപ്രേമികളില്‍ ചിലര്‍ കുറിക്കുന്നുണ്ട്

തമിഴ് സിനിമയ്ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി വിജയ് സർക്കാർ. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിയറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഒരു പ്രദര്‍ശനം അധികമായി നടത്താനായി നിര്‍മ്മാതാക്കള്‍ മുന്‍പ് അനുമതി തേടേണ്ടിയിരുന്നു.

എന്നാല്‍ ചില നിബന്ധനകളോടെയാണ് അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും പ്രാദേശിക ആഘോഷ ദിനങ്ങളിലും പൊതു അവധിദിനങ്ങളിലുമാണ് അഞ്ച് ഷോകള്‍ നടത്താനുള്ള പുതിയ അനുമതി. നിലവില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ അഞ്ച് ഷോകള്‍ കളിക്കാനുള്ള അപേക്ഷ നൽകിയാൽ രണ്ടോ മൂന്നോ ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നത്.

ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ വരുമ്പോള്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ക്ക് കൂടി അനുമതി നല്‍കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് സിനിമാപ്രേമികളില്‍ ചിലര്‍ കുറിക്കുന്നുണ്ട്. മുന്‍പ് അര്‍ധരാത്രിയും പുലര്‍ച്ചെ നാല് മണിക്കുമൊക്കെ ആരംഭിച്ചിരുന്ന റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ തമിഴ്നാട്ടില്‍ ഇപ്പോള്‍ രാവിലെ 9 മണിക്ക് മാത്രമേ സാധ്യമാവൂ. 2023 ല്‍ അജിത്ത് കുമാര്‍ ചിത്രം തുനിവിന്‍റെ റിലീസ് സമയത്ത് പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോ ആഘോഷത്തിനിടെ ഒരു ആരാധകന്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് റിലീസ് ദിനത്തിലെ നേരത്തേയുള്ള ഷോകള്‍ ഡിഎംകെ സര്‍ക്കാര്‍ നിരോധിച്ചത്.

Content Highlights: In a significant move benefiting the Tamil cinema industry, the Vijay-led government has approved the screening of five shows per day in theatres. The decision is expected to improve theatre revenues and support film exhibitors and producers.

To advertise here,contact us