ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു

'ദി വേ ഓഫ് ദി ഡ്രാഗൺ' എന്ന ചിത്രത്തിൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധിക്കപ്പെടുന്നത്

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. 'വാക്കര്‍ ടെക്‌സാസ് റേഞ്ചര്‍' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം, കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഹവായിലെ കവായ് ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാര്‍ഥനയും പിന്തുണയുമായി നിന്ന എല്ലാവരോടും ന്ദി അറിയിക്കുന്നു. അത്യന്തം ദുഃഖപൂരിതമായ സമത്ത് തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 1972ൽ പുറത്തിറങ്ങിയ 'ദി വേ ഓഫ് ദി ഡ്രാഗൺ' എന്ന ചിത്രത്തിൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 1970കളിലും 80 കളിലും ആക്‌ഷൻ ഹീറോ എന്ന നിലയിൽ പേരെടുത്തു. 90 കളിൽ അദ്ദേഹം അഭിനയിച്ച ടെലിവിഷൻ പരമ്പരകൾ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചു.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മാര്‍ഷല്‍ ആര്‍ട്‌സ് രംഗത്ത് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. സ്വന്തമായി ഒരുഅമേരിക്കന്‍ കരാട്ടെ ശൈലി തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. മാര്‍ഷല്‍ ആര്‍ട്‌സിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലോക കരാട്ടെ ചാംപ്യനായി വിരമിച്ച ശേഷമാണ് അദ്ദേഹം അഭിനയത്തിലേക്ക് തിരിഞ്ഞത്. പ്രശസ്ത നടൻ സ്റ്റീവ് മക്വീന്റെ പ്രോത്സാഹനമാണ് തന്നെ അഭിനയരംഗത്തേക്ക് എത്തിച്ചതെന്ന് നോറിസ് മുൻപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ 'ചക്ക് നോറിസ് ഫാക്ട്സ്' എന്നറിയപ്പെടുന്ന മീമുകളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന മീമുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Content Highlights: Hollywood action legend Chuck Norris passes away

To advertise here,contact us