സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കവര് എന്ന ഡോക്യൂമെന്ററി. കവര് എന്ന പ്രതിഭാസത്തെക്കുറിച്ചും കുമ്പളങ്ങിയിലെ സാധാരണക്കാരുടെ ജീവിതത്തെയും അവരുടെ ദുരിതങ്ങളെയും വരച്ചുകാട്ടുന്ന ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത് അഖിൽ ദേവൻ ആണ്. മാർച്ച് ഏഴിന് പുറത്തിറങ്ങിയ ഈ ഡോക്യൂമെന്ററി ഇതിനോടകം ഒന്നരലക്ഷം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആണ് കവര് അവതരിപ്പിച്ചിരിക്കുന്നത്. പ്രേമലു, ജോജി തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് കവര് പുറത്തിറങ്ങിയത്. ഇതോടകം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പൂച്ച കവരിനെ തേടി ഒരുപാട് പുരസ്കാരങ്ങളും എത്തിയിരുന്നു. പാൻ ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 2 ലെ മികച്ച എഡിറ്റർക്കുള്ള അവാർഡ്, IEFFK - സ്വതന്ത്ര & പരീക്ഷണാത്മക ചലച്ചിത്രമേള, NDSF - ദേശീയ ഡോക്യുമെന്ററി & ഹ്രസ്വചിത്രമേള, PIFF - പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള, ദൃശ്യം - തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല എന്നിവയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
'കുമ്പളങ്ങി നൈറ്റ്' സിനിമയുടെ റിലീസിനു ശേഷമാണ് കവര് - കുമ്പളങ്ങിയുടെ നിഗൂഢമായ ജൈവപ്രകാശം - ആദ്യമായി പൊതുജനങ്ങളുടെ ഭാവനയെ പിടിച്ചുലച്ചത്. ഒരുകാലത്ത് ശാന്തമായ ഒരു തീരദേശ അത്ഭുതം ആയിരുന്നത് താമസിയാതെ ഒരു തിളക്കമുള്ള ആകർഷണമായി മാറി, അതിന്റെ അദൃശ്യമായ സൗന്ദര്യം കാണാൻ ആഗ്രഹിക്കുന്ന എണ്ണമറ്റ വിനോദസഞ്ചാരികളെ ആകർഷിച്ചു. എന്നാൽ തിളക്കത്തിന് കീഴിൽ പറയാനാവാത്ത ഒരു കഥയുണ്ട് - തടസ്സപ്പെട്ട ഉപജീവനമാർഗ്ഗങ്ങൾ, ദുർബലമായ ആവാസവ്യവസ്ഥകൾ, അത്ഭുതത്തിനും അതിജീവനത്തിനും ഇടയിൽ സന്തുലിതാവസ്ഥ കണ്ടെത്താൻ പാടുപെടുന്ന ഒരു സമൂഹം. തദ്ദേശവാസികൾ, മത്സ്യത്തൊഴിലാളികൾ, ശാസ്ത്രജ്ഞർ എന്നിവരുടെ ശബ്ദങ്ങളിലൂടെ, ഈ മനോഹരമായ തിളക്കം എങ്ങനെ രൂപപ്പെടുന്നുവെന്നും അതിന്റെ പ്രശസ്തിയുമായി ബന്ധപ്പെട്ട കാണാത്ത പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഈ ഡോക്യുമെന്ററി പര്യവേക്ഷണം ചെയ്യുന്നു', സംവിധായകൻ അഖിൽ ദേവന്റെ വാക്കുകൾ.
ഡോക്യൂമെന്ററിക്ക് കാമറ ചലിപ്പിച്ചതും എഡിറ്റിംഗ് നിർവഹിച്ചതും യദു കെ സി ആണ്. കിരൺ ദേവൻ ആണ് കവര് നിർമിച്ചിരിക്കുന്നത്. മണികണ്ഠൻ എസ് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നു.
Content Highlights: Lijo jose pellissery presents kavaru documentary goes viral