'പരാജയപ്പെട്ട തന്റെ ആ ചിത്രം വിരാട് കോഹ്‌ലി കാണാറുണ്ടെന്ന് പറഞ്ഞു'; തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍

കോമഡി സിനിമകള്‍ ചെയ്യാന്‍ ഭയമാണെന്നും പ്രിയദര്‍ശന്‍

ഇന്ത്യയിലെ തന്നെ കോമഡി സിനിമകളുടെ മാസ്റ്റര്‍ സംവിധായകനാണ് മലയാളികളുടെ സ്വന്തം പ്രിയദര്‍ശന്‍. കോമഡി സിനിമകളുടെ കാര്യത്തില്‍ അദ്ദേഹത്തോട് കിടപിടിക്കാന്‍ കഴിയുന്നവര്‍ തന്നെ അധികമില്ലെന്നും പറയാം. നാല് പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന നിരവധി സിനിമകളാണ് പ്രിയദര്‍ശന്‍ ചെയ്തു വച്ചിരിക്കുന്നത്. ആശയങ്ങല്‍ തീര്‍ന്നു പോയതിനാല്‍ തനിക്ക് കോമഡി സിനിമകള്‍ എടുക്കാന്‍ ഭയമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ പ്രിയദര്‍ശന്‍.

എനിക്കിപ്പോള്‍ ഗൗരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളാണ് ഇഷ്ടം. ഇനി കോമഡികള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. മുന്‍പ് ചെയ്ത കോമഡികള്‍ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ ഒരു സിനിമ കൂടി ഞാന്‍ ചെയ്യുവായിരിക്കും അതോടു കൂടി നിര്‍ത്തുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. പിങ്ക് വില്ലയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ധോള്‍ (2007), ഖട്ട മീത്ത (2010) എന്നീ ചിത്രങ്ങളുടെ പരാജയങ്ങള്‍ തന്നെ വൈകാരികമായി ബാധിച്ചുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന്റെ വിജയം കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 'ഞാന്‍ ധോള്‍ നിര്‍മ്മിച്ചപ്പോള്‍ സിനിമ നന്നായി വര്‍ക്കാകുമെന്നാണ് കരുതിയത്. വിരാട് കോഹ്ലിയെ പോലുള്ള ആളുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുമ്പുള്ള വിശ്രമവേളകളില്‍ ധോള്‍ കാണുമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആ സിനിമയിലെ സംഭാഷണങ്ങള്‍ പരസ്പരം പറയുന്നതൊക്കെ കേള്‍ക്കുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നാറുണ്ട്'- പ്രിയദര്‍ശന്‍ പറയുന്നു. അതേസമയം വിരാട് കോഹ്ലിയും പ്രിയദര്‍ശനും ഒരു പരസ്യചിത്രത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

തന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായ ധോളിന്റെ വാണിജ്യ പരാജയത്തെക്കുറിച്ച് നേരത്തെ മറ്റൊരു അഭിമുഖത്തിലും പ്രിയദര്‍ശന്‍ സംസാരിച്ചിട്ടുണ്ട്.ബോളിവുഡ് സിനിമകളെക്കുറിച്ച് എനിക്ക് വെറുപ്പുള്ള ഒരു കാര്യം, വലിയ താരങ്ങളില്ലാതെ ഒരു സിനിമ ചെയ്താല്‍ അതിന് അര്‍ഹമായ അംഗീകാരം ലഭിക്കില്ല എന്നാണ്. ഇപ്പോള്‍ അതിന് ചെറിയ മാറ്റം വന്നിട്ടുണ്ട്. എങ്കിലും അക്കാലത്ത് അങ്ങനെ തന്നെയായിരുന്നു. എ-ലിസ്റ്റര്‍മാര്‍ ഇല്ലാതെ അക്കാലത്ത് വിജയം നേടിയ ചിത്രം എന്നു പറയുന്നത് മാലാമാല്‍ വീക്കിലി (2006) ആണ്- പ്രിയദര്‍ശന്‍ വ്യക്തമാക്കി.

Content Highlights: Virat Kohli used to watch one of failed films said Priyadarshan

To advertise here,contact us