സ്താനാർത്തി ശ്രീക്കുട്ടൻ ഞാൻ നിർമിക്കാനിരുന്ന സിനിമ, അത് നടക്കാതെ പോയതിന് കാരണം മറ്റൊരു സിനിമയുടെ പരാജയം: അജു

'പിന്നെ ഞാൻ മനസിലാക്കിയത് ഞാൻ ആദ്യം ശ്രദ്ധിക്കേണ്ട ജോലി അഭിനയമാണ്. അതുകൊണ്ടാണ് നിർമാണം ഇപ്പൊ വേണ്ട എന്നാണ് തീരുമാനിച്ചത്'

സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ചും നിർമാണത്തെക്കുറിച്ചും മനസുതുറന്ന് നടൻ അജു വർഗീസ്. അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ വേണ്ടിയാണ് നിർമാണം ഇപ്പോൾ നിർത്തിയതെന്ന് അജു പറഞ്ഞു. സ്താനാർത്തി ശ്രീക്കുട്ടൻ താൻ നിർമിക്കേണ്ട സിനിമ ആയിരുന്നു എന്നും എന്നാൽ സാജൻ ബേക്കറി എന്ന സിനിമയുടെ പരാജയം മൂലമാണ് അത് നടക്കാതെ പോയതെന്നും അജു പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ് ഇക്കാര്യം പറഞ്ഞത്.

'ലവ് ആക്ഷൻ ഡ്രാമ നിർമാതാവെന്ന നിലയിൽ ഒരുപാട് ഗുണം ചെയ്ത സിനിമയാണ്. സാജൻ ബേക്കറി അന്ന് കൊമേർഷ്യലി ഗുണം ചെയ്തില്ല. സാജൻ ബേക്കറി അന്ന് വിജയിച്ചിരുന്നെങ്കിൽ സ്താനാർത്തി ശ്രീക്കുട്ടൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ. സാജൻ ബേക്കറിയിൽ എനിക്ക് മുടക്കുമുതൽ തിരിച്ചുകിട്ടി പക്ഷെ അത് എന്റെ പാർട്ണർ വിശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിറ്റ് കൊണ്ടാണ് അല്ലാതെ ആ പ്രൊഡക്ടിന്റെ മെറിറ്റ് കൊണ്ടല്ല. അന്ന് ഞാൻ സാജൻ ബേക്കറിയുടെ റിസൾട്ട് അറിഞ്ഞിട്ട് നിർമിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ പിന്നെ ഞാൻ മനസിലാക്കിയത് ഞാൻ ആദ്യം ശ്രദ്ധിക്കേണ്ട ജോലി അഭിനയമാണ്. അതുകൊണ്ടാണ് നിർമാണം ഇപ്പൊ വേണ്ട എന്നാണ് തീരുമാനിച്ചത്', അജുവിന്റെ വാക്കുകൾ.

ലവ് ആക്ഷൻ ഡ്രാമ, പ്രകാശൻ പറക്കട്ടെ, സാജൻ ബേക്കറി എന്നിവയാണ് അജു വർഗീസ് നിർമിച്ച സിനിമകൾ. ലവ് ആക്ഷൻ ഡ്രാമ, ഹെലൻ, ഗൗതമന്റെ രഥം, സാജൻ ബേക്കറി എന്നീ സിനിമകൾ വിതരണം ചെയ്തിട്ടുമുണ്ട്. അരുൺ ചന്തു സംവിധാനം ചെയ്ത സിനിമ ആണ് സാജൻ ബേക്കറി. ലെന, ജാഫർ ഇടുക്കി, ഗണേഷ് കുമാർ, രഞ്ജിത മേനോൻ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

നിവിൻ പോളി ചിത്രം സർവ്വം മായയിൽ അജു വർഗീസ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ.

Content Highlights: I was going to produce sthanarthi sreekuttan but it didn't happen because of the failure of another film says aju varghese

To advertise here,contact us