'2025ൽ ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല'; ലോകയുടെ അപൂര്‍വ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ

പട്ടികയിലെ ഏക മലയാള സാന്നിധ്യവും ലോകയാണ്

'2025ൽ ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല'; ലോകയുടെ അപൂര്‍വ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ
dot image

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച് തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ലോക. മലയാളത്തിലെ ആദ്യ മൂന്നൂറ് കോടി സ്വന്തമാക്കിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

ഒട്ടനവധി ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ ലോക ഇപ്പോൾ മറ്റൊരു സ്വപ്‌നനേട്ടവും കൈവരിച്ചിരിക്കുകയാണ്. 2025ലെ ഇന്ത്യൻ പോപ്പ് കൾച്ചറിനെ നിർവചിച്ച നിമിഷങ്ങളായി വോഗ് മാഗസിൻ പുറത്തുവിട്ട ലിസ്റ്റിൽ ചന്ദ്രയും ഇടം പിടിച്ചിരിക്കുകയാണ്. 'ലോക ചാപ്റ്റർ 1: ചന്ദ്ര' യിൽ സൂപ്പർഹീറോയായി അഭിനയിച്ചുകൊണ്ട് കല്യാണി പ്രിയദർശൻ പല റെക്കോർഡുകളും തകർത്തെറിഞ്ഞു എന്നാണ് വോഗ് കുറിച്ചത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുതൽ ഷാരൂഖ് ഖാന്റെ മെറ്റ് ഗാല നിമിഷങ്ങൾ വരെ പ്രധാനപ്പെട്ട 18 സംഭവങ്ങളാണ് വോഗിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിലാണ് കല്യാണിയുടെ ലോകയും ഉൾപ്പെട്ടിരിക്കുന്നത്. വോഗിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് കല്യാണി എത്തിയിരുന്നു. മലയാളികളും ലോകയുടെ നേട്ടത്തെ ആഘോഷമാക്കുന്നുണ്ട്. ഇതിനിടെ ദുൽഖർ സൽമാന്റെ കമന്റാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

വോഗിന്റെ പോസ്റ്റ് സ്‌റ്റോറി ഇട്ടുകൊണ്ടായിരുന്നു ദുൽഖർ സൽമാന്റെ പ്രതികരണം. 'ചന്ദ്ര യുഗചേതനകളിൽ(Zeitgeists) ഒന്നായി മാറുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. 2025ൽ എന്റെ പ്ലാനിൽ എവിടെയും ഇത് ഉണ്ടായിരുന്നില്ല. പക്ഷെ നോക്കൂ എന്താണ് നടന്നത് എന്ന്,' എന്നാണ് ഏറെ സന്തോഷപൂർവ്വം ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ സ്റ്റോറി 'So Cool' എന്ന ക്യാപ്ഷനോടെ കല്യാണിയും ഷെയർ ചെയ്തിട്ടുണ്ട്.

Dulquer Salman

അതേസമയം, ലോക രണ്ടാം ഭാഗവും വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച് കഴിഞ്ഞു. ആദ്യ ഭാഗം അവസാനിക്കുമ്പോൾ തന്നെ ഇതേ കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. അഞ്ച് ചിത്രങ്ങളാണ് ലോകയുടെ ഭാഗമായി വരാൻ പോകുന്നത്. ഇതിൽ രണ്ടാം ഭാഗത്തിൽ ചിത്രം ടൊവിനോ തോമസിന്റെ ചാത്തനാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനും ആദ്യ ഭാഗത്തിലേത് പോലെ അതിഥി വേഷത്തിലുണ്ടാകും എന്നാണ് സൂചനകൾ.

ലോക ചാപറ്റർ 1 : ചന്ദ്രയിൽ കല്യാണിക്കൊപ്പം നസ്‌ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ, ശരത് സഭ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയിരുന്നു. ടൊവിനോയ്ക്കും ദുൽഖർ സൽമാനും ഒപ്പം മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടായിരുന്നു. മൂത്തോൻ എന്ന കഥാപാത്രമായി, ശബ്ദരൂപത്തിലാണ് മമ്മൂട്ടി എത്തിയത്. വരും ഭാഗങ്ങളിൽ ഈ കഥാപാത്രം കൂടുതൽ സമയം സിനിമകളിലുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

Content Highlights: Lokah becomes as one of the best moments in Indian Pop Culture list by Vogues, Dulquer Salman is overjoyed

dot image
To advertise here,contact us
dot image