അന്ന് ഞാൻ യൂത്തിനെ വഴിതെറ്റിച്ചു, ഇന്ന് മറ്റുള്ളവർക്ക് വഴികാട്ടിയാകുകയാണ്; മുംതാജ്

'ഇതിന് ശേഷവും ഞാൻ സിനിമയിൽ നിന്ന് പൈസ ഉണ്ടാക്കുന്നു എന്ന് ജനങ്ങൾ പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം എനിക്കില്ല'

ഗ്ലാമർ റോളുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മുംതാജ്. ഖുഷി, ജെമിനി, താണ്ഡവം തുടങ്ങി നിരവധി സിനിമകൾ മുംതാജ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ വാക്കുകൾ ചർച്ചയാകുകയാണ്. ഒരു കാലത്ത് താൻ യൂത്തിനെ വഴിതെറ്റിച്ചു എന്നും ഇന്ന് മറ്റുള്ളവർക്ക് വഴികാട്ടിയാകാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നത് എന്നും മുംതാജ് പറഞ്ഞു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

'സിനിമയിൽ നിന്നല്ല എനിക്കുള്ള വരുമാനം വരുന്നത്. എന്റെ പ്രോപ്പർട്ടിയിൽ നിന്നുള്ള വാടക എനിക്ക് കിട്ടുന്നുണ്ട്. ദൈവം സഹായിച്ച് എനിക്ക് പൈസയുടെ ആവശ്യം വരുന്നില്ല. ഒരു കാലത്ത് ഞാൻ യൂത്തിനെ വഴിതെറ്റിച്ചു, ഇന്ന് മറ്റുള്ളവർക്ക് വഴികാട്ടിയാകാനാണ് ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. അതെന്റെ പശ്ചാത്താപം ആണെന്ന് കണക്കാക്കിക്കോളൂ. ഇതിന് ശേഷവും ഞാൻ സിനിമയിൽ നിന്ന് പൈസ ഉണ്ടാക്കുന്നു എന്ന് ജനങ്ങൾ പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം എനിക്കില്ല', മുംതാജിന്റെ വാക്കുകൾ.

മോനിഷ എൻ മൊണാലിസ എന്ന സിനിമയിലൂടെയാണ് മുംതാജ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ഐറ്റം ഡാൻസുകളിലൂടെ നടി തമിഴ് സിനിമയിൽ തരംഗമായി. ഖുഷിയിലെ വിജയ്‌യുമൊത്തുള്ള കട്ടിപ്പുടിടാ കട്ടിപ്പുടിടാ എന്ന ഗാനം വലിയ തരംഗമാണ് ഉണ്ടാക്കിയത്. 2015 ൽ പുറത്തിറങ്ങിയ ടോമി ആണ് അവസാനമായി മുംതാജ് അഭിനയിച്ച ചിത്രം. 2018 ലെ ബിഗ് ബോസ് സീസൺ 2 വിൽ മുംതാജ് ഭാഗമായിരുന്നു.

Content Highlights: Actress Mumtaj words goes viral

To advertise here,contact us