തന്നെ വളർത്തിയത് മലയാളി പ്രേക്ഷകർ ആണെന്നും അതിനാൽ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ടെന്നും പൃഥ്വിരാജ് സുകുമാരൻ. എല്ലാ ബഹുമാനത്തോടെയും താൻ വിമർശനങ്ങളെ സ്വീകരിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. 100 ശതമാനം നൽകി വേണം എല്ലാ സിനിമയും ചെയ്യാൻ എന്ന ആഗ്രഹം തനിക്കുണ്ടെന്നും വിലായത്ത് ബുദ്ധയുടെ ട്രെയ്ലർ ലോഞ്ചിൽ പൃഥ്വിരാജ് പറഞ്ഞു.
'എന്നെ വളർത്തിയത് നിങ്ങളാണ്, എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. ഇന്ന് ഞാൻ ഈ ട്രെയ്ലർ ലോഞ്ചിനായി വരുമ്പോൾ ഇവിടെ ഈ പ്രേക്ഷകർ കൂടിയിരിക്കുന്നത് എന്നിലുള്ള സ്നേഹവും പ്രതീക്ഷയും കൊണ്ടാണ്. അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. ഞാൻ മോശമായാൽ മോശമാണെന്ന് പറയാനും, എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാപ്രേക്ഷകർക്ക് തന്നെയാണ്. ഞാൻ എല്ലാ ബഹുമാനത്തോടെയും അത് സ്വീകരിക്കുന്നു. 100 ശതമാനം പരിശ്രമത്തിൽ താഴെ ഞാൻ ഒരിക്കലും ഒരു സിനിമയെ സമീപിക്കില്ല. എന്റെ പരിമിതമായ കഴിവുകൾ 100 ശതമാനം നൽകി വേണം എല്ലാ സിനിമയും ചെയ്യാൻ എന്ന ആഗ്രഹം എനിക്കുണ്ട്', പൃഥ്വിയുടെ വാക്കുകൾ.
വിലായത്ത് ബുദ്ധയാണ് ഇനി പുറത്തുവരാനുള്ള പൃഥ്വിയുടെ ചിത്രം. സിനിമയുടെ ട്രെയ്ലർ ഇന്നലെ പുറത്തുവന്നിരുന്നു. ജി ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു പക്കാ ആക്ഷൻ മാസ്സ് സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ഷമ്മി തിലകനും സിനിമയിൽ മിന്നും പ്രകടനം നടത്തുമെന്നും ട്രെയ്ലർ ഉറപ്പ് നൽകുന്നുണ്ട്.
#PrithvirajSukumaran About Malayali Audience ✌️✌️pic.twitter.com/SyTHmkCoSE
ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
Content Highlights: Prithviraj Sukumaran about Malayali audience