ഹോളിവുഡ് സിനിമകൾക്കും ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഹോളിവുഡ് ചിത്രമാണ് ഇന്ത്യൻ ബോക്സ് ഓഫീസ് കീഴടക്കുന്നത്. ഡാൻ ട്രാക്റ്റൻബർഗ് ഒരുക്കിയ പ്രിഡേറ്റർ: ബാഡ്ലാൻഡ്സ് ആണ് ഇന്ത്യയിൽ കുതിപ്പ് തുടരുന്നത്. മികച്ച പ്രതികരണം നേടുന്ന സിനിമയ്ക്ക് വമ്പൻ ഓപ്പണിങ് ആണ് ലഭിക്കുന്നത്.
ആദ്യ ദിനം 2.30 കോടി നേടിയ സിനിമ രണ്ടാം ദിനവും മൂന്നാം ദിനവും 3.50 കോടി വീതം സ്വന്തമാക്കി. ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 9.30 കോടിയാണ് സിനിമയുടെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. നിലവിൽ വലിയ സ്വീകാര്യത ലഭിക്കുന്നതിനാൽ കളക്ഷനിൽ വർദ്ധനവ് ഉണ്ടാക്കാൻ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. പ്രിഡേറ്റർ ഫ്രാഞ്ചൈസിലെ ഒൻപതാമത്തെ സിനിമയാണ് ഇത്. എല്ലെ ഫാനിംഗും ഡിമിട്രിയസ് ഷുസ്റ്റർ-കൊളോഅമാറ്റാംഗിയും ആണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ആഗോള തലത്തിൽ ഇതുവരെ 80 മില്യൺ ഡോളറാണ് സിനിമയുടെ കളക്ഷൻ.
ജോൺ ഡേവിസ്, ബ്രെൻ്റ് ഒ'കോണർ, മാർക്ക് ടോബെറോഫ്, ഡാൻ ട്രാച്ചെൻബെർഗ്, ബെൻ റോസൻബ്ലാറ്റ് എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. 1987 ലാണ് ആദ്യത്തെ പ്രിഡേറ്റർ സിനിമ പുറത്തുവരുന്നത്. അർനോൾഡ് ഷ്വാസ്നെഗർ നായകനായി എത്തിയ സിനിമ വലിയ വിജയമാണ് നേടിയത്. ചിത്രത്തിന് ഒരു വലിയ കൾട്ട് ഫോളോയിങ് ഉണ്ട്. ജോൺ മക്ടീർനാൻ സംവിധാനം ചെയ്ത സിനിമയിൽ എൽപിഡിയ കാരില്ലോ, കാൾ വെതേഴ്സ്, റിച്ചാർഡ് ചാവേസ്, സോണി ലാൻഡ്ഹാം, ബിൽ ഡ്യൂക്ക്, ജെസ്സി വെഞ്ചുറ, ഷെയ്ൻ ബ്ലാക്ക് എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Predator Badlands indian collection report