'ലോക' ഇല്ല!, ഈ വർഷം ഏറ്റവും കളക്ഷൻ നേടിയ 10 സിനിമകൾ ഇവയൊക്കെ; ഇടംനേടാതെ മലയാളം സിനിമകൾ

റിപ്പോർട്ടുകൾ പ്രകാരം കല്യാണി പ്രിയദർശൻ ചിത്രമായ ലോക ആണ് മലയാളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ

വലുതും ചെറുതുമായ ഒരുപിടി നല്ല സിനിമകൾ ഇതുവരെ ഈ വർഷം തിയേറ്ററുകളിലെത്തി. കോടി ക്ലബിൽ കയറിയ നിരവധി ഹിറ്റുകളും ഈ വർഷം ഇന്ത്യൻ സിനിമയുടെ ഭാഗമായി. ഇപ്പോഴിതാ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. റിഷബ് ഷെട്ടി ചിത്രമായ കാന്താര ചാപ്റ്റർ 1 ആണ് ഈ വർഷം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ സിനിമ. 697 കോടിയാണ് സിനിമയുടെ കളക്ഷൻ. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം ആഗോള കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1.

വിക്കി കൗശൽ ചിത്രമായ ഛാവയാണ് രണ്ടാം സ്ഥാനത്ത്. 695 കോടിയാണ് ഛാവയുടെ ഇന്ത്യൻ കളക്ഷൻ. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ബോളിവുഡ് ഹിറ്റ് ചിത്രം സൈയാര ആണ് മൂന്നാം സ്ഥാനത്ത്. 393 കോടിയാണ് സൈയാരയുടെ നേട്ടം. രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലി സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ നേട്ടമുണ്ടാക്കി. 323 കോടിയാണ് കൂലി നേടിയത്. മോശം പ്രതികരണങ്ങൾ നേടിയിട്ടും ബോളിവുഡ് ചിത്രം വാർ 2 നേടിയത് 287 കോടിയാണ്. നാലാം സ്ഥാനത്തുള്ള വാർ 2 വിന്റെ തൊട്ടുപിന്നിലായി ഉള്ളത് അനിമേഷൻ ചിത്രമായ മഹാവതാർ നരസിംഹ ആണ്. 268 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

പവൻ കല്യാൺ ചിത്രം ഒജി, സംക്രാന്തികി വസ്തുനാം, റെയ്ഡ് 2 , സിതാരെ സമീൻ പർ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു സിനിമകൾ. ഒറ്റ മലയാള സിനിമകൾക്ക് പോലും ആദ്യ പത്തിൽ ഇടം പിടിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. റിപ്പോർട്ടുകൾ പ്രകാരം കല്യാണി പ്രിയദർശൻ ചിത്രമായ ലോക ആണ് മലയാളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ. 63 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 156.73 കോടിയാണ്. ഇന്ത്യന്‍ ഗ്രോസ് ആവട്ടെ 183.67 കോടിയും.

മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയത്.

Content Highlights: list of Highest Grossing Films of 2025 in India

To advertise here,contact us