നല്ല നാടൻ വൈബിൽ അതിസുന്ദരനായി നിവിൻ പോളി; 'സർവ്വം മായ' ടീസർ പുറത്ത്

ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തുടക്കം തന്നെ എന്തോ പന്തികേട് തോന്നിപ്പിക്കുന്ന ടീസർ അവസാനിക്കുന്നത് നല്ല നാടൻ വൈബിലാണ്. വളരെ സുന്ദരനായിട്ടാണ് നിവി പോളിയെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ടീസർ പുറത്തിറക്കിയത്.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയി സർവ്വം മായ തിയേറ്ററുകളിൽ എത്തും. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.

സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

Content Highlights: Nivin Pauly Horror flick Sarvam Maya teaser out

To advertise here,contact us