വിജയ്യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം ഒട്ടേറെ പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ ജോയ് മാത്യു. അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായോ യുദ്ധവിരുദ്ധ മുദ്രാവാക്യം ഉയർത്താനോ പട്ടിണി പരിഹരിക്കാനോ അഴിമതി പരിഹരിക്കാനോ അല്ല വിജയ് എന്ന നടനെ കാണാൻ വേണ്ടി മാത്രമാണ് ഇത്രയധികം ജീവനുകൾ പൊലിഞ്ഞതെന്ന് ജോയ് മാത്യു പറഞ്ഞു. താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് വിജയ് എന്നും ജോയ് പറഞ്ഞു. അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും എന്നെന്നും നടൻ കൂട്ടിച്ചേർത്തു.
'വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട് .അതിൽ പത്തിലധികം പേരും കുട്ടികൾ . എന്തൊരു ദുരന്തം ! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ?അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല.യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രകടനമാണോ ? അല്ല.ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ ?അല്ല . എല്ലാം വിജയ് എന്ന താരത്തെ കാണാൻ;കേൾക്കാൻ.
താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നും തന്നെയില്ലാത്ത സദാ മനുഷ്യനാണെന്നും മാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കൽ പരിവേഷത്തിൽ സൃഷ്ടിച്ചെടുക്കുന്നഒന്നാണെന്നും എന്നാണ് ഇവർ മനസ്സിലാക്കുക ? തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികൾ മുമ്പും ഉണ്ടായിട്ടുണ്ട്.
മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തീവണ്ടി ബോഗികൾക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവർ നിരവധി. എംജിആർ, ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഒരു താരത്തെക്കാണാനും കേൾക്കാനും വന്ന് തിക്കുതിരക്കുകളിൽപ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേർ ബലിയാടുകളാകുന്നത് ആദ്യം. അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു,' ജോയ് മാത്യു പറഞ്ഞു.
Content Highlights: Joy Mathew expresses condolences over the tragedy that occurred during the Tamil Vetri Kazhagam program