പ്രണയങ്ങള് പരാജയപ്പെടാന് കാരണം ഞാന് തന്നെ; എത്രയും വേഗം ഒരു കുഞ്ഞു വേണം: സല്മാന് ഖാന്
ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. അടുത്തിടെ ആമfർ ഖാനുമൊത്ത് ടൂ മച്ച് വിത്ത് കജോള് ആന്റ് ട്വിങ്കിള് എന്ന ടോക് ഷോയില് സൽമാൻ ഖാൻ പങ്കെടുത്തിരുന്നു. ഈ ഷോയിൽ സൽമാൻ ഖാൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ മുൻകാല പ്രണയങ്ങൾ പരാജയപ്പെടാൻ കാരണം താൻ കൂടിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അധികം വൈകാതെ താൻ ഒരു കുഞ്ഞിനെ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കമിതാക്കളില് ഒരാള് മറ്റേയാളേക്കാള് വളര്ന്നാല് അവിടം മുതല് വ്യത്യാസങ്ങളും അരക്ഷിതാവസ്ഥയുമെല്ലാം ഉണ്ടായിത്തുടങ്ങുന്നു. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് വേണം വളരാന്. രണ്ടുപേരും പരസ്പരം ബുദ്ധിമുട്ടിപ്പിക്കരുത്. അതിലാണ് ഞാന് വിശ്വസിക്കുന്നത്," സല്മാന് ഖാന് പറഞ്ഞു. തുടര്ന്നാണ് ആമിര് ഖാന് മുന്കാല പ്രണയങ്ങളെ കുറിച്ച് സല്മാനോട് ചോദിച്ചത്. 'പ്രണയം വിജയിച്ചില്ലെങ്കില് വിജയിച്ചില്ല. അത്രേയുള്ളൂ. ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില് അത് എന്നെയാണ്,' സൽമാൻ ഖാൻ പറഞ്ഞു.
തനിക്ക് കുഞ്ഞ് വേണമെന്ന ആഗ്രഹവും ഷോയില് സല്മാന് ഖാന് തുറന്ന് പറഞ്ഞു. 'അധികം താമസിക്കാതെ ഒരുദിവസം ഞാനൊരു കുഞ്ഞിനെ സ്വന്തമാക്കും. ഒരുദിവസം അത് സംഭവിക്കും. നമുക്ക് കാത്തിരുന്ന് കാണാം' സല്മാന് ഖാന് കൂട്ടിച്ചേർത്തു. ഈ പരിപാടിയിൽ സൽമാൻ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നടൻ വെളിപ്പെടുത്തിയിരുന്നു.
ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗത്തിലൂടെ കടന്നുപോവുകയാണ് താനെന്ന് നടൻ പറഞ്ഞു. വേദന കാരണം തനിക്ക് ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് ആണെന്നും ശത്രുക്കൾക്ക് പോലും ഈ രോഗം വരല്ലേ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും നടൻ പറഞ്ഞു.'ഏഴര വർഷത്തോളം ഈ വേദനയിലൂടെ കടന്നുപോയി. അതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടതുണ്ട്. ബൈപാസ് സർജറിയും, ഹൃദയ സംബന്ധമായ പ്രശ്നങ്ങളും, മറ്റ് പല രോഗങ്ങളുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് വന്നത് ഇതാണ്. ദിവസവും എന്റെ അസ്ഥികൾ ഒടിയുന്ന വേദനയുമായി ഞാൻ ഇവിടെയുണ്ട്. ട്രൈജെമിനൽ ന്യൂറാൾജിയ ഉണ്ടായിട്ടും ഞാൻ ജോലി ചെയ്യുന്നു. എന്റെ തലച്ചോറിൽ ഒരു അന്യൂറിസം ഉണ്ട്, എന്നിട്ടും ഞാൻ ജോലി ചെയ്യുന്നു,' സൽമാൻ ഖാൻ പറഞ്ഞു.
Content Highlights: Salman Khan said that he is the reason why love relationships fail