പ്രണയിക്കുന്നതിനു പ്രായമില്ല; ഹൃദയത്തിൽ നനുത്ത മഴ പെയ്യിച്ച് 'വള' സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി

96 എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകരിൽ ഒരാളായി മാറിയ ഗോവിന്ദ് വസന്തയാണ് ഗാനം ഒരുക്കിയിരിക്കുന്നത്

മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി ധ്യാൻ ശ്രീനിവാസനും ലുക്ക്മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'വള' നിറഞ്ഞ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പ്രേക്ഷകഹൃദയങ്ങളിൽ ഒരു നനുത്ത മഴ പോലെ പെയ്‌തിറങ്ങാൻ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നു. വിജയരാഘവനും ശാന്തി കൃഷ്‌ണയും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള, 'ദാസ്ഥാൻ' എന്ന ഹിന്ദി ഭാഷയിലുള്ള വീഡിയോ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്.

പ്രണയിക്കാൻ പ്രായമൊരു തടസമല്ലെന്നു കാണിച്ച് വിജയരാഘവനും ശാന്തി കൃഷ്‌ണയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഗാനം കേൾക്കുന്നവരുടെ മനസിൽ കുളിർമഴയായി പെയ്യുന്നതാണ്. 96 എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകരിൽ ഒരാളായി മാറിയ ഗോവിന്ദ് വസന്തയാണ് ഇതിന് ഈണം നൽകിയതെന്ന് അറിയുമ്പോൾ പിന്നീട് കൂടുതൽ പറയേണ്ട കാര്യമില്ലല്ലോ.

മലയാള സിനിമയിൽ ഹിന്ദി ഗാനങ്ങൾ ഉൾപ്പെടുന്നത് ഇതാദ്യമായല്ല, പലതും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്‌തിട്ടുണ്ട്‌. കയ്യൊപ്പിലെ 'ജൽത്തെ ഹേ ജിസ് കേലിയെ" പോലെ ഗസലിന്റെയും സൂഫി സംഗീതത്തിന്റെയും സുഖമുള്ള അനുഭവം നൽകുന്നതാണ് 'വള' സിനിമയിലെ ഈ ഗാനവും. ഇതിനു മുൻപ് ഈ സിനിമയിലേതായി പുറത്തുവന്ന ഗാനങ്ങൾ പോലെ അടുത്ത ദിവസങ്ങളിൽ ഈ ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുമെന്നതിൽ സംശയമില്ല.

തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. കാശ്‌മീരി സൂഫി റോക്ക് സിംഗർ യവാർ അബ്ദാൽ പാട്ടിന്റെ വരികളെഴുതി ആലപിച്ചിരിക്കുന്നു. ഗോവിന്ദ് വസന്തയുടെ ഈണത്തിനൊപ്പം അബ്ദാലിൻ്റെ മനോഹര ശബ്‌ദം കൂടിച്ചേരുമ്പോൾ സംഗീതപ്രേമികൾക്ക് എന്നും പ്ലേലിസ്റ്റിൽ സൂക്ഷിക്കാനുള്ള ഒരു ഗാനമാണ് പിറന്നത്.

നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'കഠിന കടോരമീ അണ്ഡകടാഹം' എന്ന ചിത്രം സംവിധാനം ചെയ്‌ത മുഹാസിനാണ് 'വള' സംവിധാനം ചെയ്‌തിരിക്കുന്നത്‌. അദ്ദേഹത്തിന്റെ മുൻ ചിത്രത്തിൽ ഗോവിന്ദ് വസന്ത ഈണമിട്ട പാട്ടുകളിൽ പലതും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പതിവ് തെറ്റിക്കാതെ ഗോവിന്ദ് വസന്തയെക്കൊണ്ട് തന്നെ 'വള'യിലൂടെയും അദ്ദേഹം മനോഹരമായ ഗാനങ്ങൾ നമുക്ക് നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത വള പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി തീയേറ്ററിൽ നിറഞ്ഞ സദ്ദസ്സിൽ പ്രദർശനം തുടരുകയാണ്. മുഹാസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'ഉണ്ട', 'പുഴു' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷാദാണ്. ഒരു വളയെ ചുറ്റിപ്പറ്റി ആക്ഷനും നർമവും സസ്പെൻസും എല്ലാം നിറഞ്ഞ ഒരു കഥയാണ് ഈ സിനിമ പറയുന്നത്.

ഫെയർബെ ഫിലിംസ് നിർമിച്ചിരിക്കുന്ന ഈ ചിത്രം, ലോകയുടെ ചരിത്രവിജയത്തിനു ശേഷം വെഫെറർ ഫിലിംസ് വിതരണത്തിന് എത്തിക്കുന്ന സിനിമയാണെന്ന പ്രത്യകത കൂടിയുണ്ട്. ധ്യാൻ ശ്രീനിവാസൻ, ലുക്ക്മാൻ, വിജയരാഘവൻ, ശാന്തി കൃഷ്‌ണ എന്നിവർക്ക് പുറമെ അർജുൻ രാധാകൃഷ്ണൻ, അബു സലീം, ശീതൾ ജോസഫ്, രവീണാ രവി, നവാസ്, ഗോവിന്ദ് വസന്ത, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസഫ് ഭായ്, ഗോകുലൻ തുടങ്ങിയ താരങ്ങളും ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വളയുടെ അണിയറപ്രവർത്തകർ - ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സി.പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂർ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, വിഎഫ്എക്സ്: ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ്: അമൽ സി സദ്ധാർ, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ: കലൈ കിങ്സൺ, ഫോണിക്സ് പ്രഭു, ചീഫ് അസോ.ഡയറക്ടർ: ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പി ആർ ഓ: പ്രതീഷ് ശേഖർ.

Content Highlights- New song from the movie 'Vala' released

To advertise here,contact us