വനിതകൾക്കും പിന്നാക്ക വർഗക്കാർക്കും നൽകിവരുന്ന ധനസഹായം സംബന്ധിച്ച് സിനിമാ കോണ്ക്ലേവിന്റെ സമാപന സമ്മേളനത്തില് അടൂര് ഗോപാലകൃഷ്ണന് നടത്തിയ പരാമര്ശത്തെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ സാമൂഹിക-സാംസ്കാരിക പ്രവര്ത്തകരുടെ കത്ത്. എംഎന് കാരശ്ശേരി, സക്കറിയ, സിവി ബാലകൃഷ്ണന്, ഒകെ ജോണി തുടങ്ങി 30 പേര് ചേര്ന്നാണ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.
വനിതകൾക്കും പിന്നോക്ക വിഭാഗക്കാർക്കും സിനിമ നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം ചലച്ചിത്രവികസന കോര്പറേഷൻ വഴി നൽകുന്ന സർക്കാർ പദ്ധതി ഉദ്ദേശ്യശുദ്ധിയോടെ ആരംഭിച്ചിട്ടുള്ളതാണെങ്കിലും അതിന്റെ നടത്തിപ്പിലെ പോരായ്മകളും വ്യക്തമായ നിബന്ധനകളുടെ അഭാവവും കാരണം ലക്ഷ്യപ്രാപ്തി നേടാതെയിരിക്കയാണ്. രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന പദ്ധതി, ധൂർത്തു ഒഴിവാക്കിയും കുറവുകൾ പരിഹരിച്ചും കൂടുതൽ പേർക്ക് പ്രയോജനം നൽകത്തക്കവണ്ണം നടപടികൾ കൈക്കൊള്ളുകയും വേണമെന്നാണ് സംവിധായകന് അടൂര് പറഞ്ഞതെന്നാണ് തങ്ങള് മനസ്സിലാക്കിയിരിക്കുന്നതെന്ന് കത്തില് പറയുന്നു. എന്നാല് അടൂരിൻ്റെ പരാമർശം ഗൗരവമായി പരിശോധിക്കേണ്ടതിനുപകരം സങ്കുചിത ജാതി വർഗ്ഗീയ വഴിയിലൂടെ തിരിച്ചു വിടുവാനുള്ള ശ്രമമാണ് ഉണ്ടായത് എന്നുള്ളത് നിര്ഭാഗ്യകരമായ വസ്തുതയാണ്. അത് അടൂരിനെ വ്യക്തിഹത്യ ചെയ്യുന്നതിൽ വരെ എത്തിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അതിനാൽ സർക്കാർ നൽകുന്ന നിർമ്മാണ സഹായത്തുകയെ സംബന്ധിച്ചും പുനഃപരിശോധന ആവശ്യമാണെന്നും പദ്ധതിയെ കുറിച്ച് അടൂർ ഉന്നയിച്ച നിർദ്ദേശങ്ങളും മുൻവിധിയില്ലാതെ കണക്കാക്കി. കുറവുകൾ പരിഹരിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതും ആ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കി ഈ നല്ല സ്കീമിനെ കുറ്റമറ്റതാക്കുന്നതും പരിഗണിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു. കത്ത് അയച്ചവരിൽ എം.എൻ. കാരശ്ശേരി, സക്കറിയ എന്നിവരുൾപ്പടെ പല പ്രമുഖ പുരോഗമന ചിന്താധാരകൾ മുന്നോട്ട് വെക്കുന്നവരും ഉൾപ്പെടുന്നുവെന്നത് ഇതിനോടകം തന്നെ വിമർശനം ഉയർത്തിയിട്ടുണ്ട്.
കത്തിൻ്റെ പൂർണരൂപം
ബഹു മുഖ്യ മന്ത്രിശ്രി പിണറായി വിജയൻ
വിഷയം: സിനിമാ നിർമ്മാണത്തിനായി കെ.എസ്.എഫ്.ഡി.സി വഴി വനിതകൾക്കും പിന്നാക്ക വർഗക്കാർക്കും നൽകിവരുന്ന ധനസഹായത്തിന്റെ ഉപയോഗം.
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാൻ,
ഓഗസ്റ്റ് മാസം മൂന്നാം തിയതി അങ്ങ് ഉൽഘാടനം ചെയ്ത കേരള ഫിലിം പോളിസി കോൺക്ലേവ് (നല്ല സിനിമ നല്ല നാളെ) എന്ന നയ പരിപാടി ചർച്ചയിൽ, ഇന്ത്യയിലെതന്നെ ഏറ്റവും മുതിർന്ന ചലച്ചിത്രകാരനായ, ഫാൽക്കെ അവാർഡ് പത്മ വിഭൂഷൻ എന്നീ ബഹുമതികൾ നൽകി രാജ്യം ബഹുമാനിച്ച സിനിമ രചയിതാവായ ശ്രീ അടൂർ ഗോപലകൃഷ്ണൻ നടത്തിയ ചില പരാമർശങ്ങൾ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചത് അങ്ങയുടെ ശ്രദ്ധയിൽ പ്പെട്ടിരിക്കുമല്ലോ ?വനിതകൾക്കും പിന്നോക്ക വിഭാഗക്കാർക്കും സിനിമ നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം ചലച്ചിത്രവികസന കോര്പറേഷൻ വഴി നൽകുന്ന സർക്കാർ പദ്ധതി ഉദ്ദേശശുദ്ധിയോടെ ആരംഭിച്ചിട്ടുള്ളതാണെങ്കിലും അതിന്റെ നടത്തിപ്പിലെ പോരായ്മകളും വ്യക്തമായ നിബന്ധനകളുടെ അഭാവവും കാരണം ലക്ഷ്യപ്രാപ്തി നേടാതെയിരിക്കയാണ്. രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന പദ്ധതി, ധൂർത്തു ഒഴിവാക്കിയും കുറവുകൾ പരിഹരിച്ചും കൂടുതൽ പേർക്ക് പ്രയോജനം നൽകത്തക്കവണ്ണം നടപടികൾ കൈക്കൊള്ളുകയും വേണമെന്നാണ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
ശ്രീ അടൂരിനെപ്പോലെ ഒരു ചലച്ചിത്രകാരൻ - അതും ചലച്ചിത്രനയരൂപീകരണസംബന്ധമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുന്ന ഒരു ഔദ്യോഗികവേദിയിൽ അവതരിപ്പിക്കുമ്പോൾ അത് ഗൗരവമായി പരിശോധിക്കേണ്ടതിനുപകരം സങ്കുചിത ജാതി വർഗ്ഗീയ വഴിയിലൂടെ അത് തിരിച്ചു വിടുവാനുള്ള ശ്രമം ഉണ്ടായി എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. അത് ശ്രീ അടൂരിനെ വ്യക്തിഹത്യ ചെയ്യുന്നതിൽ വരെ എത്തി.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ എട്ടു യുവതി യുവാക്കൾ പറയുന്നത് എന്താണ് എന്നും പരിശോധിക്ക പ്പെടേണ്ടതാണ്. കഴിഞ്ഞ മാസങ്ങളിലെ ചില മാധ്യമ വാർത്തകൾ പരിശോദിച്ചാൽ, ഈ പദ്ധതിയുടെ ഗുണ ഭോക്താക്കളെ നോക്കുകുത്തികളാക്കി ആരോ ചൂഷണം ചെയ്യുന്നുവെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
ഏതു പദ്ധതിയും ആദ്യമായി നടപ്പിൽ വരുത്തിയതിനു ശേഷം അതിന്റെ ഫണ്ട് യൂട്ടിലൈസേഷൻ പാറ്റേൺ എന്താണെന്ന് റിവ്യൂ ചെയ്ത് പഠിക്കാറുണ്ട്. അത് ഈ പദ്ധതിയെ സംബന്ധിച്ച് പരിശോധിക്കപ്പെട്ടിട്ടുണ്ടോ? സിനിമ നിർമ്മാണത്തിൽ പരിചയമുള്ള എത്രയോ വിദഗ്ദ്ധന്മാരുള്ള നമ്മുടെ നാട്ടിൽ അതിന് ഒരു സ്ഥിരം സംവിധാനം വേണമെന്ന് ഞങ്ങൾ കരുതുന്നു.
മറ്റൊരു സർക്കാർ പരിപാടി പോലെ കാണാതെ സാങ്കേതിക ബൗദ്ധിക, സർഗാത്മക മേഖലയിലുള്ള ഈ പദ്ധതിയെ ആ മേഖലയിൽ പെട്ട മുതിർന്ന പ്രവർത്തകരുടെ മേൽനോട്ടത്തിൽ ആക്കി മലയാളത്തിൽ പുതിയൊരു സിനിമ സംസ്കാരം വളർത്തുവാൻ, രാജ്യത്തു തന്നെ സമാനതകൾ ഇല്ലാത്ത ഒന്നാക്കി മാറ്റുവാൻ കഴിയുമാറാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ഈ പദ്ധതി വഴി സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഫിലിം മേക്കേഴ്സ് മലയാള സിനിമ രംഗത്തെ പുത്തൻ പ്രതീക്ഷകളാകുവാൻ തക്കവണ്ണം അവരെ പ്രാപ്തരാക്കുന്നുവോ എന്നും പരിശോധിക്കപ്പെടേണ്ടതാണ് ഇതുവരെ ഈ പദ്ധതി വഴി നിർമിക്കപ്പെട്ട എട്ടു ചിത്രങ്ങളിൽ ഒരു ചിത്രത്തിന് മാത്രമാണ് ചില അന്താരഷ്ട്ര ഫെസ്റ്റിവലുകളിൽ പുരസ്കാരം ലഭിച്ചത്. ആ ചിത്രത്തിൻറെ സംവിധായക മാത്രമാണ് സിനിമ എന്ന മാധ്യമത്തിൽ പരിശീലനം നേടിയത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
സർക്കാർ ലക്ഷ്യമിടുന്ന ഫലം നേടണമെങ്കിൽ ധനസഹായം നേടുന്ന ഓരോ വ്യക്തിയും നിർമാണത്തിന് ആവശ്യമായ സിനിമയുടെ സാങ്കേതികസൗന്ദര്യാംശങ്ങൾ മുൻകൂട്ടി ആർജ്ജിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം മുതൽ മുടക്കുന്നത് പാഴായിപ്പോകും മറിച്ചു കൃത്യമായ ധാരണയോടെയും മുൻകൂർ തയ്യാറെടുപ്പോടെയും തങ്ങൾക്കു ലഭിക്കുന്ന ആദ്യാവസരം ഉപയോഗിക്കുന്നവർക്ക്, തുടർന്നും ഈ രംഗത്ത് ഉറച്ചുനിന്ന് പ്രവർത്തിക്കുവാനുള്ള അവസരം ലഭിക്കും. അങ്ങനെയേ പദ്ധതി ലക്ഷ്യപ്രാപ്തിലെത്തൂസർക്കാർ നൽകുന്ന നിർമ്മാണ സഹായത്തുകയെ സംബന്ധിച്ചും പുനർപരിശോധന ആവശ്യമാണ്. ഇപ്പോൾ ഓരോ വകുപ്പിലും വനിത, പിന്നാക്കം) രണ്ടു പേർക്കാണു ഒന്നരക്കോടി രൂപ വീതം സഹായധനമായി നൽകുന്നത്. മുൻപരിചയമില്ലാത്ത ഒരാൾക്ക് തന്റെ കന്നിച്ചിത്രം നിർമ്മിക്കുന്നതിന് ഇത് അത്യധികമാണ്. പരമാവധി ഇരുപത്തി അഞ്ചു മുതൽ അമ്പത് ലക്ഷം ബഡറ്റിൽ ഭേദപ്പെട്ട സിനിമകൾ നിർമിക്കുന്ന കേരളത്തിൽ താരപരിവേഷമില്ലാത്ത ഒരു സിനിമയ്ക്കു ഒന്നര കോടി വേണമോ എന്നത് പരിശോദിക്കപ്പെടേണ്ടതാണ്. ഓരോ സിനിമക്കും വിശദമായ ബജറ്റ് തയ്യാറാക്കുന്നത്തിലും ഔദ്യോഗിക വശവും സ്വീകർത്താക്കളും ഒരുപോലെ പങ്കാളികളാവുകയും വേണംഈ പദ്ധതിയെ കുറിച്ച് ശ്രീ അടൂർ ഉന്നയിച്ച നിർദ്ദേശങ്ങളും മുൻവിധിയില്ലാതെ കണക്കാക്കി, മലയാള സിനിമയുടെ നേട്ടങ്ങളുടെ കൂട്ടത്തിൽ വരത്തക്ക രീതിയിൽ പുനർന്നവീകരിക്കേണ്ടതുണ്ട്. കുറവുകൾ പരിഹരിക്കുന്നതിന് ഒരു കമ്മറ്റിയെ നിയോഗിക്കുന്നതും ആ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കി ഈ നല്ല സ്കീമിനെ കുറ്റമറ്റതാക്കുന്നതും പരിഗണിക്കണമെന്നും അഭ്യർത്ഥിക്കുന്നു .
എന്ന് ബഹുമാനപൂർവ്വം,
Content Highlights-Letter to the government in support of Adoor on the film grant issue