
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന കരിയറിൽ ആദ്യമായി ലഭിച്ച ദേശീയ പുരസ്കാരത്തിൻ്റെ നിറവിലാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. 2023-ലെ സൂപ്പർഹിറ്റ് ചിത്രം ജവാനിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഷാരൂഖ് സ്വന്തമാക്കുന്നത്. ന്യൂ ഡൽഹിയിൽ നടന്ന 71-ാമത് ദേശീയ അവാർഡ് ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഷാരൂഖ് ഖാൻ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. പിന്നാലെ പ്രിയപ്പെട്ട അച്ഛന് അഭിന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകൾ സുഹാനയും മകൻ ആര്യൻ ഖാനും.
'നിങ്ങൾ എപ്പോഴും പറയുമായിരുന്നു, "You Don't Win Silver, You Lose Gold (യഥാര്ഥ വിജയം നേടാനായില്ല) എന്ന്. എന്നാൽ നിങ്ങൾക്ക് ലഭിച്ച ഈ വെള്ളി മെഡൽ സ്വര്ണം തന്നെയാണ്…ദേശീയ അവാർഡ് ലഭിച്ചതിൽ ഞങ്ങളുടെ ഹൃദയം വളരെ സന്തോഷിക്കുന്നു, അഭിനന്ദനങ്ങൾ അച്ഛാ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ' സുഹാന ഫേസ്ബുക്കിൽ കുറിച്ചു. ഇതേ പോസ്റ്റ് തന്നെ ആര്യൻ ഖാനും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധിപേരാണ് കിങ് ഖാനിന് അഭിനന്ദനങ്ങളറിയിച്ച് എത്തിയത്.
33 വര്ഷത്തെ സിനിമ കരിയറില് ആദ്യമായി, 59-ാം വയസിലാണ് ദേശീയ പുരസ്കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്. നിരവധി ഫിലിം ഫെയര് അവാര്ഡുകളും 2005 ല് പത്മശ്രീ ബഹുമതി ഉള്പ്പെടെ ലഭിച്ചിട്ടും ദേശീയ ചലച്ചിത്ര പുരസ്കാരം മാത്രം നടന് ലഭിച്ചിരുന്നില്ല. ജവാനിലെ അതിശയിപ്പിക്കുന്ന സ്റ്റണ്ടുകളും മികച്ച അഭിനയ മുഹൂര്ത്തങ്ങളുമാണ് ഷാരൂഖിനെ മികച്ച നടനാക്കിയത്.
അടുത്തിടെ, ഷാരൂഖ് തന്റെ മകൻ ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റമായ “ദി ബാഡ്സ് ഓഫ് ബോളിവുഡ്”-ലും പ്രത്യേക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ, ഷാരൂഖ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന “കിംഗ്” എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. മകൾ സുഹാന ഖാനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം 2026-ൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ദീപിക പദുക്കോണിനൊപ്പം വീണ്ടും ഒന്നിക്കുന്ന ഈ പ്രോജക്റ്റ്, റിലീസിന് മുമ്പുതന്നെ വൻ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്.
Content Highlights- 'This silver medal is equal to gold' Aryan and Suhana congratulate Shah Rukh Khan on his award win