മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ ഇരുമ്പ് തോട്ടി മുട്ടി ഷോക്കേറ്റു; എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയത്താണ് സംഭവം. ബിഹാര്‍ സ്വദേശി വസിഷ്ഠ ഷായുടെ മകന്‍ ഉമേഷ് കുമാര്‍ (14) ആണ് മരിച്ചത്

കോട്ടയം: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ ഇരുമ്പ് തോട്ടി മുട്ടി ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. സ്‌കൂള്‍ പരിസരത്തെ മാവില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം. 11 കെവി ലൈനില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത് എന്നാണ് വിവരം. കോട്ടയം കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവ. വിഎച്ച്എസ് സ്‌കൂള്‍ പരിസരത്തുവെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.

കൂരോപ്പടയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി വസിഷ്ഠ ഷായുടെ മകന്‍ ഉമേഷ് കുമാര്‍ (14) ആണ് മരിച്ചത്. ഷോക്കേറ്റ ഉടന്‍ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂരോപ്പട ഇടയ്ക്കാട്ട്കുന്ന് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമേഷ്. ഉമേഷിന്റെ പിതാവ് വര്‍ഷങ്ങളായി കൂരോപ്പട ചെന്നാമറ്റത്തുളള വീടിന്റെ കാര്യസ്ഥനായി ജോലി ചെയ്തുവരികയാണ്.

Content Highlights: 8th class student was electrocuted while picking mangoes in kottayam

To advertise here,contact us