കട്ടിലില്‍ കിടന്നത് ചോദ്യം ചെയ്തു; പ്രകോപിതനായ ജ്യേഷ്ഠൻ അനുജനെ കുത്തിപ്പരിക്കേൽപ്പിച്ചു, സംഭവം കൊല്ലത്ത്

നെഞ്ചിനും കൈക്കും ആഴത്തില്‍ ഗുരുതരമായി കുത്തേറ്റിട്ടുണ്ട്

കേസിലെ പ്രതി

കൊല്ലം: തന്റെ കട്ടിലില്‍ കിടന്നത് ചോദ്യം ചെയ്ത അനുജനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ജ്യേഷ്ഠന്‍. അഞ്ചലിലാണ് സംഭവം. പൊടിയാട്ടുവിള സ്വദേശി സുരേഷി(38)നാണ് കുത്തേറ്റത്. നെഞ്ചിനും കൈക്കും ആഴത്തില്‍ ഗുരുതരമായി കുത്തേറ്റിട്ടുണ്ട്. സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതി ഉദയകുമാറി(50)നെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു ആക്രമണം.

താനൂർകോണത്തെ കുടുംബവീട്ടിൽ വെച്ചായിരുന്നു സംഭവം. തന്റെ കട്ടിലിൽ ഉദയകുമാർ കയറിക്കിടന്നത് ചോദ്യം ചെയ്ത സുരേഷിനെ ഉദയകുമാർ റബ്ബർ ടാപ്പിംഗിന് കൊണ്ടുപോകുന്ന കത്തികൊണ്ട് നെഞ്ചിനും കൈക്കും ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു. സുരേഷിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയും അഞ്ചൽ പൊലീസിനെ വിവരമറിയിപ്പിക്കുകയും ചെയ്തു. പൊലീസെത്തി സുരേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവ സ്ഥലത്തുനിന്ന് തന്നെ ഉദയകുമാറിനെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയ അഞ്ചൽ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഉദയകുമാറിനെതിരെ കേസെടുത്തു. 2024 ലിലും സമാനമായ രീതിയിൽ സുരേഷിനെ ഉദയകുമാർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ഉദയകുമാർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: An elder brother allegedly stabbed and injured his younger brother after being questioned for sleeping on his bed

To advertise here,contact us