ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ്: നാലാം മാസം 1 കോടി ക്ലബ്ബില്‍; 24കാരന്റെ വിജയഗാഥ വൈറല്‍

ഒരുകോടി രൂപയുടെ ബിസിനസ്സില്‍ എത്തിനില്‍ക്കുന്ന ഉജ്ജ്വലിന്റെ അടുത്ത ലക്ഷ്യം ഇത് പത്ത് കോടി രൂപയിലേക്ക് എത്തിക്കുക എന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമേഷന്‍ പ്ലാറ്റ്ഫോമായി ലിങ്ക്പ്ലീസിനെ മാറ്റിയെടുക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്

ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ്: നാലാം മാസം 1 കോടി ക്ലബ്ബില്‍; 24കാരന്റെ വിജയഗാഥ വൈറല്‍
dot image

സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങുക എന്നത് വലിയ വെല്ലുവിളിയായാണ് ബിസിനസ് രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പലരും കാണുന്നത്. എന്നാല്‍ കൃത്യമായ പ്ലാനിങ്ങും വിപണിയിലെ സാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവും ഉണ്ടെങ്കില്‍ വിജയം നേടാമെന്ന് തെളിയിക്കുകയാണ് 24കാരനായ ഉജ്ജ്വല്‍ നര്‍ഗോത്ര. സ്വന്തം ജോലി ഉപേക്ഷിച്ച് നാല് മാസത്തിനുള്ളില്‍ ഒരു കോടി രൂപ വിറ്റുവരവുള്ള ബിസിനസ്സ് സംരംഭം കെട്ടിപ്പടുത്ത ഉജ്ജ്വലിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഉജ്ജ്വല്‍ സ്ഥിരവരുമാനമുള്ള തന്റെ ജോലി രാജിവെച്ചത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നേരിടുന്ന വലിയൊരു പ്രശ്‌നത്തിനുള്ള പരിഹാരമായി സുഹൃത്തിനൊപ്പം ചേര്‍ന്ന് ലിങ്ക്പ്ലീസ് (LinkPlease) എന്ന സ്റ്റാര്‍ട്ടപ്പിന് രൂപം നല്‍കുകയാണ് ഉജ്ജ്വല്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വിഡിയോയിലൂടെയാണ് ഉജ്ജ്വല്‍ തന്റെ സംരംഭക യാത്ര ലോകത്തോട് പങ്കുവെച്ചത്.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ മികച്ച വിഡിയോകളും പോസ്റ്റുകളും നിര്‍മിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ഫോളോവേഴ്സില്‍നിന്ന് വരുന്ന മെസ്സേജുകള്‍ക്കും കമന്റുകള്‍ക്കും കൃത്യസമയത്ത് മറുപടി നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്ന് ഉജ്ജ്വല്‍ കണ്ടെത്തി. ഈ ഒരു വിടവ് വലിയൊരു ബിസിനസ്സ് സാധ്യതയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു ഓട്ടോമേഷന്‍ പ്ലാറ്റ്ഫോം നിര്‍മിക്കുകയാണ് ഉജ്ജ്വല്‍ ചെയ്തത്.

തന്റെ വിജയത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ഉജ്ജ്വല്‍ വിവരിക്കുന്നത്. ക്രിയേറ്റര്‍മാര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് തിരിച്ചറിഞ്ഞതാണ് ആദ്യഘട്ടം. പരിഹാരം കണ്ടെത്തുകയെന്നത് രണ്ടാമത്തെ ഘട്ടവും ഉല്‍പന്നത്തെ കൂടുതല്‍ മികച്ചതാക്കുകയെന്നത് മൂന്നാമത്തെ ഘട്ടമാണെന്നും ഉജ്ജ്വല്‍ പറയുന്നു.

ഡിഎം കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ ക്രിയേറ്റര്‍മാരുടെ വളര്‍ച്ച മുരടിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഇത് പരിഹരിക്കുന്നതിനായി ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോമേഷന്‍ എന്‍ജിന്‍ ഉജ്ജ്വലും സംഘവും വികസിപ്പിച്ചെടുത്തു. തുടക്കത്തില്‍ ഇതിന്റെ ഒരു സൗജന്യ പതിപ്പ് പുറത്തിറക്കി ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചു. നിര്‍ദേശങ്ങള്‍ അനുസരിച്ച് സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തി. ഇന്ന് പതിനായിരത്തിലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ലിങ്ക്പ്ലീസ് ഉപയോഗിക്കുന്നുണ്ട്.

നിക്ഷേപമില്ലാതെ നേടിയ വിജയം

ഏറ്റവും ശ്രദ്ധേയമായ കാര്യം, പുറത്തുനിന്നുള്ള യാതൊരു നിക്ഷേപവും ഇല്ലാതെയാണ് ഉജ്ജ്വല്‍ ഈ നേട്ടം കൈവരിച്ചത് എന്നതാണ്. 'ഫണ്ടിങ് ഇല്ല, വലിയ ടീമില്ല, കൃത്യമായ പ്ലാനിങ്ങും കഠിനാധ്വാനവും മാത്രമാണ് ഇതിന് പിന്നില്‍. വിപണിയിലെ പ്രശ്‌നം ഞങ്ങള്‍ വേഗത്തില്‍ പരിഹരിച്ചു, മാര്‍ക്കറ്റ് ഞങ്ങള്‍ക്ക് പ്രതിഫലം നല്‍കി' അദ്ദേഹം കുറിച്ചു. നിലവില്‍ ഒരുകോടി രൂപയുടെ ബിസിനസ്സില്‍ എത്തിനില്‍ക്കുന്ന ഉജ്ജ്വലിന്റെ അടുത്ത ലക്ഷ്യം ഇത് പത്ത് കോടി രൂപയിലേക്ക് എത്തിക്കുക എന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമേഷന്‍ പ്ലാറ്റ്ഫോമായി ലിങ്ക്പ്ലീസിനെ മാറ്റിയെടുക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

'എക്‌സിക്യൂഷന്‍ ആണ് എല്ലാറ്റിനേക്കാളും പ്രധാനം' എന്ന സന്ദേശമാണ് ഈ യുവ സംരംഭകന്‍ നല്‍കുന്നത്. കേവലം നാല് മാസത്തിനുള്ളില്‍ ഉണ്ടായ ഈ വളര്‍ച്ച മറ്റ് യുവാക്കള്‍ക്കും സംരംഭകത്വത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയ പ്രചോദനമാണ്. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഉജ്ജ്വലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സംരംഭകത്വം അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും, ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് ഈ 24കാരന്‍ തെളിയിക്കുന്നു.

Content Highlights: A 24-year-old man quit his corporate job and built a Rs 1 crore startup in just four months. His automation platform now helps over 10,000 creators.

dot image
To advertise here,contact us
dot image