ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി 'സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൽ' ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശം മന്ത്രാലയം പുറത്തിറക്കി. ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും വ്യത്യസ്ത കളർ കോഡുകളുള്ള ഡ്രൈവിംഗ് ലൈസൻസുകൾ നൽകുക, സുരക്ഷിത ഡ്രൈവിംഗ് വിലയിരുത്തുന്നതിനുള്ള ടെസ്റ്റുകൾ കൂടുതൽ കർശനമാക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങളിലെ പ്രധാന ആകർഷണം.
പുതിയ നിർദ്ദേശപ്രകാരം രാജ്യത്ത് ഇനി മുതൽ നൽകുന്നതോ പുതുക്കുന്നതോ ആയ ഡ്രൈവിംഗ് ലൈസൻസുകൾ ലാമിനേറ്റ് ചെയ്തതോ അല്ലെങ്കിൽ പിവിസി കാർഡ് രൂപത്തിലോ ആയിരിക്കും. ഇതിൽ വിദേശ പൗരന്മാർക്കും ഇന്ത്യൻ പൗരന്മാർക്കും തിരിച്ചറിയാൻ എളുപ്പമുള്ള രീതിയിൽ പ്രത്യേക കളർ കോഡിംഗും വ്യത്യസ്ത ഫോർമാറ്റുകളും ഉണ്ടായിരിക്കും. കൂടാതെ, ലൈസൻസ് കൈവശമുള്ളയാളുടെ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ എന്നിവ കാർഡിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുള്ള ട്യൂട്ടോറിയൽ വിലയിരുത്തൽ കൂടുതൽ കർശനമാക്കും. നിലവിലുള്ള 60 ശതമാനം പാസിംഗ് മാർക്ക് എന്നത് 75 ശതമാനമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കൂടാതെ ഈ സുരക്ഷിത ഡ്രൈവിംഗ് ട്യൂട്ടോറിയൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും നീണ്ടുനിൽക്കുന്നതായിരിക്കണം. എന്നാൽ ആധാർ കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴി ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ പൂർത്തിയാക്കുന്നവർക്ക് നിശ്ചിത ഫീസ് ഇളവുകൾ നൽകാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനായി സാധാരണയായി ഈടാക്കാറുള്ള ഫീസ് ഇനി മുതൽ ഒഴിവാക്കും. ലൈസൻസിലെ വിവരങ്ങൾ മാറ്റുന്നതിനായുള്ള അപേക്ഷകൾ സമർപ്പിച്ചാൽ 15 ദിവസത്തിനകം ആർടിഒ അധികൃതർ അത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യണം. അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം വ്യക്തമാക്കണമെന്നും കരട് നിയമത്തിൽ പറയുന്നു. പ്രായവും വിലാസവും തെളിയിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലോ നോട്ടറിക്ക് മുന്നിലോ ഒപ്പിട്ട അഫിഡവിറ്റുകൾക്ക് പകരം ആധാർ, പാസ്പോർട്ട്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ നേരിട്ട് സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഈ നിർദ്ദേശങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Content Highlights:India’s Ministry of Road Transport and Highways has proposed major changes to driving licence rules through draft amendments to the Central Motor Vehicles Rules.New driving licences may feature different colour codes and formats for Indian and foreign citizens.