കർണാടകയിൽ യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളും മറ്റ് ടാക്സികളും ഇനിമുതൽ സർക്കാർ നിശ്ചയിച്ച നിരക്കുകളിൽ ഓടണമെന്ന് നിർദേശം. കൂടിയ നിരക്കിനെ സംബന്ധിച്ച് നിരവധി പരാതികളും മറ്റും ലഭിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നിർദേശം വന്നിരിക്കുന്നത്. ഗതാഗത വകുപ്പാണ് ഇത്തരത്തിൽ ഒരു നിർദേശം പുറത്തിറക്കിയിരിക്കുന്നത്.
പുതിയതും നിലവിൽ ഉള്ളതുമായ ടാക്സികൾക്ക് ഈ നിർദേശം ബാധകമാണ്. സർക്കാർ നിർശ്ചയിച്ച നിരക്കുകൾ ഘടിപ്പിച്ച മീറ്ററുകൾ ടാക്സികളിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഒല, ഊബർ തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സികൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്. ഇതോടെ പല സമയത്തും പല നിരക്ക് എന്ന ഓൺലൈൻ ടാക്സികളുടെ നയത്തിന് പൂട്ട് വീഴുകയാണ്. മീറ്റർ സ്ഥാപിക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകരുത് എന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
യാത്രക്കാരിൽ നിന്ന് ടാക്സിക്കാർ അമിത് നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾക്ക് പിന്നാലെയാണ് കർണാടക സർക്കാരിന്റെ ഈ നീക്കം. നിരക്ക് ഏകീകരിക്കുന്നത് തങ്ങളുടെ വരുമാനത്തിൽ കുറവ് വരുത്തുമെന്ന് ഡ്രൈവർമാരും പരാതി പറഞ്ഞിട്ടുണ്ട്. ബെംഗളൂരു എയർപോർട്ടിലെ ടാക്സിക്കാരുടെ പേരിൽ അടക്കം നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. ഇവർക്കടക്കം ഇനിമുതൽ മീറ്റർ വെക്കേണ്ടിവരും.
10 ലക്ഷം വരെ വിലയുള്ള വാഹനത്തിന് മിനിമം നിരക്ക് 100 രൂപയാണ്. ഓരോ അധിക കിലോമീറ്ററിനും 24 രൂപ നൽകണം. 10 മുതൽ 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 115 രൂപയാണ് മിനിമം നിരക്ക്. അധിക ദൂരത്തിന് 28 രൂപ നൽകണം. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 130 രൂപയാണ് മിനിമം നിരക്ക്. 32 രൂപയാണ് അധിക ദൂരത്തിന് നൽകേണ്ടത്.
Content Highlights: Karnataka has instructed Uber, Ola and other online and traditional taxi services to operate according to government-fixed fares. The directive follows several complaints regarding excessive taxi charges. The move aims to regulate fares and provide relief to passengers using app-based and other taxi services across the state.