35 വർഷം മുമ്പത്തെ 120 സൗദി റിയാൽ കടം: സുഹൃത്തിനെ തേടി തെലങ്കാനയിലെത്തി 25,000 രൂപയായി മടക്കി നൽകി ഇസ്മയില്‍

ഇത്രയും വർഷങ്ങൾ കഴിഞ്ഞതുകൊണ്ട് പലിശയും ചേർത്തായിരിക്കാം അദ്ദേഹം 25,000 രൂപ തന്നതെന്ന് ലച്ചണ്ണ പറയുന്നു

ഹൈദരാബാദ്: പ്രവാസകാലത്ത് സുഹൃത്തിൽ നിന്ന് വാങ്ങിയ ഒരു ചെറിയ തുക, വർഷങ്ങൾക്ക് ശേഷം മടക്കി നൽകി വാക്കുപാലിച്ചിരിക്കുകയാണ് ഇസ്മായിൽ എന്ന മലയാളി. ആ കടം തീർക്കാനായി വിലാസമോ ഫോൺ നമ്പറോ ഇല്ലാതെ, കേവലം ഒരു നാടിൻ്റെ പേര് മാത്രം മനസ്സിൽ വെച്ചാണ് ഇസ്മായിൽ തന്റെ പഴയ സുഹൃത്തിനെ തേടി തെലങ്കാനയിലെത്തുകയായിരുന്നു. സൗദിയിലെ പ്രവാസകാലത്ത് 35 വർഷം മുമ്പ് വാങ്ങിയ 120 സൗദി റിയാലിന് (അന്ന് ഏകദേശം 1,000 രൂപ) പകരം 25,000 രൂപയാണ് ഇസ്മായിൽ സുഹൃത്തിന്റെ കുടുംബത്തിന് കൈമാറിയത്.

സൗദിയിലെ പ്രവാസം

1991-ൽ സൗദി അറേബ്യയിലെ അബ്ഖൈഖിൽ ജോലി ചെയ്യുന്ന കാലത്താണ് മലപ്പുറം സ്വദേശിയായ ഇസ്മായിലും തെലങ്കാന ജഗ്തിയാൽ ജില്ലയിലെ ധർമ്മപുരി സ്വദേശിയായ എഡ്‌ല ലച്ചണ്ണയും സുഹൃത്തുക്കളാകുന്നത്. മറ്റ് മൂന്ന് പ്രവാസികൾക്കൊപ്പം ഒരു മുറിയിലായിരുന്നു ഇവരുടെ താമസം. അഞ്ച് വർഷത്തോളം ഇവർ ഒരുമിച്ച് കഴിഞ്ഞു. ഇതിനിടയിലാണ് ഇസ്മായിൽ ലച്ചണ്ണയിൽ നിന്ന് 120 റിയാൽ കടമായി വാങ്ങിയത്. പണം പിന്നീട് മടക്കി നൽകാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ അധികം വൈകാതെ ലച്ചണ്ണ നാട്ടിലേക്ക് മടങ്ങി. മൊബൈൽ ഫോണുകളോ സോഷ്യൽ മീഡിയയോ ഇല്ലാതിരുന്ന ആ കാലത്ത് പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം പൂർണ്ണമായും വിട്ടുപോയി.

കടം വീട്ടാനുള്ള യാത്ര

തുക ചെറുതാണെങ്കിലും, വർഷം പലത് കഴിഞ്ഞെങ്കിലും സുഹൃത്തിന് നൽകിയ വാക്ക് ഇസ്മായിൽ മറന്നില്ല. പഴയ സുഹൃത്തിനെ എങ്ങനെയെങ്കിലും കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചു. ധർമ്മപുരി സ്വദേശിയാണ് ലച്ചണ്ണ എന്ന ഒരൊറ്റ അറിവ് മാത്രമാണ് ഇസ്മായിലിന്റെ പക്കലുണ്ടായിരുന്നത്. ഇന്റർനെറ്റ് വഴിയുള്ള തിരച്ചിലിലൂടെ ധർമ്മപുരി എവിടെയാണെന്ന് കണ്ടെത്തിയ ഇസ്മായിൽ കഴിഞ്ഞ ജൂലൈ 9-നാണ് അവിടെയെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഒടുവിൽ ലച്ചണ്ണയുടെ വീട് കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. ഇതിനിടയില്‍ ലച്ചണ്ണ വീണ്ടും ഗൾഫിൽ എത്തിയിരുന്നു.

ലച്ചണ്ണയുടെ വീട്ടിലെത്തിയ ഇസ്മായിൽ 25,000 രൂപ കുടുംബത്തിന് കൈമാറുകയും, ലച്ചണ്ണയെ വാട്‌സ്ആപ്പിലൂടെ വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. "അന്ന് 120 റിയാൽ ബാങ്ക് വഴി നാട്ടിലേക്ക് അയച്ചാൽ ഏകദേശം 1000 രൂപയാണ് കിട്ടുക. ഇത്രയും വർഷങ്ങൾ കഴിഞ്ഞതുകൊണ്ട് പലിശയും ചേർത്തായിരിക്കാം അദ്ദേഹം 25,000 രൂപ തന്നത്. ഇസ്മായിൽ വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്. ആ തുകയേക്കാൾ ഞങ്ങളുടെ സൗഹൃദത്തിന്റെ മൂല്യമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്." ലച്ചണ്ണ പറയുന്നു.

പണം മടക്കി നൽകിയതിനേക്കാൾ, വർഷങ്ങൾ കഴിഞ്ഞിട്ടും തന്നെ മറക്കാതെ തേടിയെത്തിയ സുഹൃത്തിന്റെ ആത്മാർത്ഥതയ്ക്കാണ് ലച്ചണ്ണ നന്ദി പറയുന്നത്. കാലം മാറിയിട്ടും മൂല്യം ചോർന്നുപോകാത്ത പ്രവാസ സൗഹൃദത്തിന്റെ ഈ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

Canada Highlights: Ismail travelled to Telangana in search of an old friend to repay a debt of 120 Saudi riyals borrowed around 35 years ago. After finally finding him, Ismail returned an amount equivalent to nearly ₹25,000, drawing attention to his commitment to repaying a decades-old debt and honouring an old friendship.

To advertise here,contact us