ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. അതിർത്തിയിലെ ക്വാറന്റൈൻ പരിശോധനയിൽ ഇറക്കുമതി ചെയ്ത മാമ്പഴങ്ങളിൽ മാരകമായ അളവിൽ രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നേപ്പാൾ കൃഷി-മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ ഈ നടപടി. ഏപ്രിൽ-മേയ് മാസം മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ട്.
ഇന്ത്യൻ മാമ്പഴങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താൻ സഹായിക്കുമെന്നാണ് നേപ്പാൾ അധികൃതരുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തദ്ദേശീയമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും, പൗരന്മാർക്ക് കൂടുതൽ ആരോഗ്യകരവും സുരക്ഷിതവുമായ പഴങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും മാധേഷ് പ്രവിശ്യയിലെ കൃഷി മന്ത്രാലയ വക്താവ് മനീഷ് കുമാർ പാൽ വ്യക്തമാക്കി.
അതേസമയം, നേപ്പാളിലെ പഴ വ്യാപാരികൾ ഈ തീരുമാനത്തിൽ വലിയ ആശങ്കയിലുമാണ്ട. മാമ്പഴം ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണെങ്കിലും, നേപ്പാളിലെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ തദ്ദേശീയ ഉത്പാദനം പര്യാപ്തമല്ല. കൂടാതെ നേപ്പാളിലെ മാമ്പഴ സീസൺ വെറും രണ്ട് മാസത്തേക്ക് മാത്രമാണ് നീണ്ടുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ പൂർണ്ണമായ നിരോധനത്തിന് പകരം, കർശനമായ ക്വാറന്റൈൻ പരിശോധനകൾ ഏർപ്പെടുത്തി ഗുണനിലവാരം ഉറപ്പാക്കി മാമ്പഴം ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാത്തപക്ഷം വിപണിയിൽ മാമ്പഴത്തിന് വലിയ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
യുഎസ്, യുഎഇ, യുകെ, നെതർലാൻഡ്സ്, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രധാന കയറ്റുമതി വിപണികൾ. നേപ്പാൾ ഇന്ത്യയുടെ വലിയൊരു വിപണിയല്ലെങ്കിൽ പോലും, രാസകീടനാശിനികളുടെ അമിത ഉപയോഗം സംബന്ധിച്ച് ഉയർന്നുവരുന്ന പരാതികൾ ഇന്ത്യയുടെ പഴ ഉത്പാദന മേഖലയ്ക്ക് വലിയൊരു ചോദ്യചിഹ്നമാവുകയാണ്. വൈകിയെത്തിയ മഴയും കടുത്ത ഉഷ്ണതരംഗവും കാരണം കൊങ്കൺ മേഖലയിലെ അൽഫോൺസോ കർഷകർക്ക് ഈ സീസണിൽ 90 ശതമാനം വരെ വിളനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി.
നേപ്പാളിന് പുറമെ, കഴിഞ്ഞ മാസം ജപ്പാനും ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഉത്പാദന കേന്ദ്രങ്ങളിലെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 20 വർഷത്തിനിടയിൽ ആദ്യമായാണ് ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. കേസരി, അൽഫോൺസോ, ലംഗ്ഡ, ബംഗനപ്പള്ളി തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കാണ് ജപ്പാൻ വിലക്കേർപ്പെടുത്തിയത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ ഉത്തർപ്രദേശിലെ റഹ്മാൻപൂരിലുള്ള സംസ്കരണ കേന്ദ്രങ്ങളിൽ ജപ്പാനിൽ നിന്നുള്ള ക്വാറന്റൈൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന്, മാർച്ച് 25-നോ അതിനുശേഷമോ ഇന്ത്യ നൽകിയ പരിശോധനാ സർട്ടിഫിക്കറ്റുകളുള്ള മാമ്പഴ ഷിപ്പ്മെന്റുകൾ ഇനി സ്വീകരിക്കില്ലെന്ന് ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ അറിയിച്ചു. ഇന്ത്യ തങ്ങളുടെ പ്രവർത്തന മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തിയാൽ മാത്രമേ ഇനി മാമ്പഴങ്ങൾ സ്വീകരിക്കുകയുള്ളൂ എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Nepal has reportedly suspended imports of Indian mangoes over concerns about pesticide residue levels. The move comes after similar concerns were raised in other markets, creating fresh challenges for Indian mango exporters. The issue highlights the growing importance of food safety standards in international agricultural trade.